ന്യൂനപക്ഷങ്ങൾക്ക് പ്രശ്നങ്ങളുണ്ട്: ഡോ: ഹുസൈൻ മടവൂർ

ഇന്ത്യയിലും പലതരത്തിലുള്ള പീഡനങ്ങൾക്ക് അവർ വിധേയരാകുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നത് ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും ബാധ്യതയാണ്.

New Update
sauUntitledchan

കോട്ടയം: രാജ്യത്തെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അവർക്ക് സുരക്ഷയും സമാധാന ജീവിതവും ഉറപ്പു വരുത്തണമെന്നും അഖിലേന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡ് അംഗവും കെ.എൻ.എം ഉപാദ്ധ്യക്ഷനുമായ ഡോ: ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.

Advertisment

ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകളും മറ്റ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളും നിരന്തരം പീഡിപ്പിക്കപ്പെടുന്നുണ്ട്.

ഇന്ത്യയിലും പലതരത്തിലുള്ള പീഡനങ്ങൾക്ക് അവർ വിധേയരാകുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നത് ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും ബാധ്യതയാണ്.

ഇന്ത്യയുടെ ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ മതം വിശ്വസിക്കുവാനും അനുഷ്ഠിക്കുവാനും പ്രചരിപ്പിക്കുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥാപിച്ച് നടത്തുവാനുമുള്ള അവകാശം ഉറപ്പുവരുത്തിയിട്ടുണ്ട്.

എന്നാലിപ്പോൾ രാജ്യത്തിൻ്റെ പലഭാഗങ്ങളിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ  ചോദ്യം ചെയ്യപ്പെടുകയും അവർ പ്രയാസകരമായ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്. പൗരത്വ ഭേദഗതി നിയമവും ബുൾഡോസർ രാജും വഖഫ് ബില്ലും മദ്രസകൾ അടച്ചുപൂട്ടണമെന്ന നിർദ്ദേശവും എല്ലാം ഇതിൻ്റെ ഫലമായി വന്നുകൊണ്ടിരിക്കുകയാണ്.

ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിച്ചു നിൽക്കുകയും എല്ലാ പൗരന്മാർക്കും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇസ്ലാം ലോക സുരക്ഷയും സമാധാനവുമാണ് ലക്ഷ്യം വയ്ക്കുന്നത്.

ഒരേ പിതാവിന്റെയും മാതാവിൻ്റെയും മക്കളാണ് ഭൂമിയിലുള്ള മുഴുവൻ മനുഷ്യരുമെന്നാണ് ഖുർആനിൻ്റെ കൽപ്പന. ചരിത്രത്തിൽ കാണാവുന്ന ഏറ്റവും നല്ല കാലമാണ് മുഹമ്മദ് നബിയുടെയുടെയും ഖലീഫമാരുടെയും കാലം.

എല്ലാവർക്കും നീതിയും ന്യായവും സുരക്ഷയും ലഭിച്ച മാതൃകാ ഭരണമായിരുന്നു അവർ കാഴ്ചവെച്ചത്. അക്കാര്യം പറയുന്നതും പ്രചരിപ്പിക്കുന്നതും അപരാധമല്ല. മുഖ്യമന്ത്രി ഖലീഫമാരുടെ കാലത്തെക്കുറിച്ച് പഞ്ഞത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എൻ എം കോട്ടയം ജില്ലാ പ്രസിഡണ്ട് പി എഛ് ജാഫർ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വലാഹി, സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം, ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ സംസ്ഥാന അവാർഡ് ജേതാവ് റംലാ സുലൈമാൻ, വി. എം .സത്താർ എന്നിവർ പ്രസംഗിച്ചു.

Advertisment