കുവൈറ്റ്: ഉറക്കത്തിന്റെ ഗുണനിലവാരവും രോഗപ്രതിരോധ സംവിധാനവും തമ്മിലുള്ള നിർണായക ബന്ധം കണ്ടെത്തി ദാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട്. ഉറക്കക്കുറവ് പൊണ്ണത്തടി, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കൻ ഐക്യനാടുകളിലെയും മറ്റ് രാജ്യങ്ങളിലെയും പ്രമുഖ ശാസ്ത്ര, വാർത്താ മാസികകളും വെബ്‌സൈറ്റുകളും ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
ജേണൽ ഓഫ് ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ആരോഗ്യമുള്ള യുവാക്കൾക്ക് 24 മണിക്കൂർ ഉറക്കം നഷ്ടപ്പെടുന്നത് രോഗപ്രതിരോധ കോശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് പൊണ്ണത്തടിയുള്ളവരിൽ കാണുന്ന അവസ്ഥയ്ക്ക് സമാനമാകുമെന്നും പറയുന്നു.
ദാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ 237 ആരോഗ്യമുള്ള മുതിർന്നവരുടെ ഉറക്കരീതികളും രോഗപ്രതിരോധ ശേഷിയും തമ്മിലുള്ള ബന്ധം പഠിച്ചു.
പൊണ്ണത്തടിയുള്ളവരിൽ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യുന്നതായി കണ്ടെത്തി. ഇത് വിട്ടുമാറാത്ത വീക്കത്തിന് കാരണമാകും.
"സാങ്കേതികവിദ്യയുടെ സ്വാധീനം, സ്‌ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന സമയം, സാമൂഹിക മാറ്റങ്ങൾ എന്നിവ ഉറക്കരീതികളെ പ്രതികൂലമായി ബാധിക്കുന്നു," ഗവേഷകയായ ഡോ. ഫാത്തിമ അൽ-റഷീദ് പറഞ്ഞു. "ഉറക്കക്കുറവ് രോഗപ്രതിരോധ സംവിധാനത്തെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും."
പതിവായതും മതിയായതുമായ ഉറക്കത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധവത്കരിക്കുകയും, ക്രമരഹിതമായ ജോലി ചെയ്യുന്നവർക്ക് ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുകയും ചെയ്യണമെന്ന് ഡോ. ഫാത്തിമ അൽ-റഷീദ് ആവശ്യപ്പെട്ടു.