/sathyam/media/media_files/2025/03/09/X0mkixcHX5qhNa0ftdTz.jpg)
അബുദാബി: മാര്‍ബിള്‍ തൂണുകളില്‍ ഒളിപ്പിച്ച് 184 കിലോ മയക്കുമരുന്ന് സൂക്ഷിച്ചതിന് രണ്ട് ഏഷ്യന്‍ സ്വദേശികളെ അബുദാബി പൊലീസ് അറസ്ററ് ചെയ്തു. 'സീക്രട്ട് ഹൈഡൗട്ട്സ്' എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് 184 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തത്.
ഒരു ഏഷ്യന്‍ സ്വദേശിയുടെ നിയന്ത്രണത്തില്‍ യുഎഇക്കു പുറത്ത് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘം അന്താരാഷ്ട്ര ടെലിഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായ പ്രമോഷണല്‍ സന്ദേശങ്ങള്‍ അയച്ചതായി അബുദാബി പൊലീസിന്‍റെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്‍റി~നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹെര്‍ ഗരിബ് അല്‍ ദഹേരി പറഞ്ഞു. മയക്കുമരുന്ന് സംഘം മാര്‍ബിള്‍ സിലിണ്ടറുകള്‍ക്കുള്ളില്‍ ഹാഷിഷ് ഒളിപ്പിക്കാന്‍ ശ്രമിക്കുകയും അവ ഒന്നിലധികം സ്ഥലങ്ങളില്‍ സൂക്ഷിക്കുകയും ചെയ്തു. എങ്കിലും അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മയക്കുമരുന്ന് കണ്ടെത്താന്‍ സാധിച്ചുവെന്ന് ബ്രിഗേഡിയര്‍ അല്‍ ദഹേരി പറഞ്ഞു.
മയക്കുമരുന്ന് പ്രചാരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചാല്‍ 8002626 എന്ന നമ്പറില്‍ അമാന്‍ സര്‍വീസുമായി ബന്ധപ്പെട്ട് അക്കാര്യം അറിയിക്കാന്‍ അബുദാബി പൊലീസ് ആവശ്യപ്പെട്ടു. സംശയകരമായ നമ്പറുകള്‍ ബ്ളോക്ക് ചെയ്യാനും അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.