മദീന: സൗദി അറേബ്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ടെക്നിക്കൽ ആൻ്റ് വൊക്കേഷനൽ ട്രെയിനിംഗ് ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന അറബിക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി ഇന്ത്യൻ അദ്ധ്യാപർക്ക് ഹ്രസ്വകാല പരിശീലനം നൽകാനുള്ള ധാരണാപത്രത്തിൽ ഒപ്പ് വെച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ലാ അഹ്‌മദ് അൽ ഖുദൈരിയും ഇന്ത്യൻ അധ്യാപകർക്ക് വേണ്ടി മലബാർ എഡ്യു സിറ്റി ചെയർമാൻ എന്ന നിലയിൽ ഡോ. ഹുസൈൻ മടവൂരും ധാരണാപത്രം ഒപ്പ് വെച്ച് പരസ്പരം കൈമാറി.
ആദ്യ ബാച്ചിൽ മുപ്പത് അറബി ഭാഷാ അദ്ധ്യാപകർക്കാണ് മദീനയിൽ വെച്ച് ഒരു മാസത്തെ പരിശീലനം നൽകുക. അറബി ഭാഷ ആഗോള തലത്തിൽ പ്രചരിപ്പിക്കാനുള്ള സൗദിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമാണിത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെയും കിരീടാവകാരിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് സൽമാൻ്റെയും സ്വപ്ന പദ്ധതികളായ വിഷൻ 2030 ൻ്റെ ഭാഗമായാണ് ഇത്തരം പുരോഗമനപരവും മനുഷ്യോപകാര പ്രദവുമായ പരിശീലന പരിപാടികൾ നടന്ന് വരുന്നത്.
ഇത് തൊഴിൽ മേഖലയിൽ ഇന്ത്യക്കാർക്ക് വലിയ ഗുണം ചെയ്യുമെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.