/sathyam/media/media_files/2024/12/18/C7GU4cqg8HcwxjKyVpUs.jpg)
ദുബൈ: യുഎഇയില്‍ പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ മാര്‍ച്ച് 29ന് പ്രാബല്യത്തില്‍ വരും. നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ നിയമം. കാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റ് ബന്ധപ്പെട്ട അതോറിറ്റികളുമായി സംയോജിപ്പിച്ച് വികസിപ്പിച്ച യുഎഇ ലജിസ്ലേഷന്‍ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചതനുസരിച്ച് പുതിയ ഫെഡറല്‍ നിയമ പ്രകാരം മൂന്ന് വിഭാഗങ്ങള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമുണ്ടാകില്ല.
വിദേശ രാജ്യത്ത് നിന്നുള്ള സാധുവായ ലൈസന്‍സ് കൈവശമുള്ളവര്‍, രാജ്യാന്തര ലൈസന്‍സ് ഉള്ളവര്‍, സന്ദര്‍ശക വിസയിലെത്തിയവരും മേല്‍പറഞ്ഞ രണ്ട് ലൈസന്‍സുകളില്‍ ഏതെങ്കിലും ഒന്ന് കൈവശമുള്ളവര്‍ എന്നിവര്‍ക്കാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ലാത്തത്. കൂടാതെ, ലൈസന്‍സ് എടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സുമാണ്.
പുതിയ നിയമ പ്രകാരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ തടവും പിഴയും ലഭിക്കുന്നതായിരിക്കും. കൂടാതെ മറ്റുള്ളവരുടെ ജീവന് ആപത്ത് വരുത്തക്ക വിധത്തില്‍ വാഹനവുമായി റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നതും ഗുരുതരമായ കുറ്റമാണ്. ട്രാഫിക് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ പേരും വിലാസവും നല്‍കാതിരുന്നാലും തെറ്റായ വിവരങ്ങള്‍ നല്‍കിയാലും അധികാരികള്‍ക്ക് അറസ്റ്റ് ചെയ്യാന്‍ കഴിയും. അപകടമുണ്ടാക്കിയ ശേഷം ഒളിച്ചോടാന്‍ ശ്രമിച്ചാലും പോലീസ് പരിശോധനയില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ചാലും അറസ്റ്റ് ചെയ്യാം.
കേടുപാടുകളുള്ള വാഹനവുമായി നിരത്തിലിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കുന്നതായിരിക്കും. സാധുവായ ലൈസന്‍സില്ലാതെ വാഹനം നിരത്തിലിറക്കിയാലും പിഴ ലഭിക്കും. ലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനത്തിന്റെ സ്വാഭാവിക ഘടനയില്‍ അനുമതിയില്ലാതെ വരുത്തുന്ന മാറ്റങ്ങള്‍ക്കും വാഹനം പിടിച്ചെടുക്കുന്നതായിരിക്കും. കൂടാതെ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വാഹനമാണെങ്കിലും പിടിച്ചെടുക്കാന്‍ അധികാരമുണ്ട്.
യുഎഇ അംഗീകാരമില്ലാത്ത ലൈസന്‍സുമായി വാഹനം ഓടിച്ചാല്‍ ആദ്യ ഘട്ടത്തില്‍ 2000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ലഭിക്കുന്നതായിരിക്കും. ലംഘനം വീണ്ടും ആവര്‍ത്തിക്കപ്പെട്ടാല്‍ 5000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും മൂന്നു മാസം വരെ തടവും ലഭിക്കുന്നതായിരിക്കും.
ലൈസന്‍സില്‍ ഉള്‍പ്പെടാത്ത വിധത്തിലുള്ള വാഹനങ്ങളാണ് ഓടിക്കുന്നതെങ്കില്‍ 5000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ലഭിക്കും. ഇതേ ലംഘനം വീണ്ടും ആവര്‍ത്തിക്കപ്പെട്ടാല്‍ പിഴ 20,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹമായി ഉയരുകയും മൂന്ന് മാസത്തെ തടവ് ലഭിക്കുകയും ചെയ്യും. പുതിയ നിയമ പ്രകാരം അനുവാദമില്ലാത്ത ഇടങ്ങളില്‍ കൂടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചാലും പിടിവീഴും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗ പരിധിയുള്ള റോഡുകള്‍ മുറിച്ചു കടക്കാനും പാടുള്ളതല്ലെന്ന് നിയമം പറയുന്നു.