/sathyam/media/media_files/2025/08/14/nazaha-2025-08-14-17-45-09.jpg)
ജിദ്ദ: ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നിയമ ലംഘങ്ങളുടെ പേരിൽ സൗദിയിലെ അഴിമതി വിരുദ്ധ അതോറിറ്റിയുടെ ശക്തമായ നടപടികൾ. ഇക്കാര്യത്തിൽ നിരവധി ക്രിമിനൽ കേസുകളാണ് എടുത്തിട്ടുള്ളതെന്ന് "നസാഹ" (സൗദി അഴിമതി നിർമാർജന മേൽനോട്ട അതോറിറ്റി) അറിയിച്ചത്.
ഇത്തരത്തിൽ ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച 38ലധികം ജീവനക്കാരെ ജോലികളിൽ നിന്ന് പിരിച്ചു വിട്ടതായും അവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതായും അതോറിറ്റി പ്രസ്താവന വെളിപ്പെടുത്തി. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിരവധി മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും ജീവനക്കാരെയാണ് പിടികൂടിയത്.
നിയമാനുസൃതമല്ലാത്ത രീതിയിൽ ഹജ്ജ് തീർഥാടനം നടത്താൻ സ്വദേശികൾക്കും വിദേശികൾക്കും സൗകര്യം ഏർപ്പെടുത്തി കൊടുത്തുവെന്നതാണ് പിടികൂടിയ ലംഘനങ്ങളിൽ പ്രധാനം. ഇത്തരം സംഭവങ്ങളിൽ അഴിമതി നിർമാർജന അതോറിറ്റിയിലെ ഒരു ജീവനക്കാരനും മതകാര്യ മന്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനും പ്രതിരോധ മന്ത്രാലയത്തിലെ ചിലരും ആഭ്യന്തര മന്ത്രാലയത്തിലെ 26 ജീവനക്കാരുമാണ് പിടിയിലായത്.
കുറ്റവാളികൾക്കെതിരായ നിയമ നടപടിക്രമങ്ങൾ നിലവിൽ പൂർത്തിയായിവരികയാണെന്നും ചട്ടലംഘകർക്കെതിരെ നിയമം നടപ്പിലാക്കുന്നത് തുടരുമെന്നും നസാഹ വാക്താവ് അറിയിച്ചു. ലംഘനങ്ങൾക്ക് പിടികൂടുന്നവർ ജോലിയിൽ നിന്ന് വിരമിച്ചാലും കുറ്റവാളികളുടെ ഗണത്തിൽ തന്നെയായി തുടരുമെന്നും നസാഹ വക്താവ് തുടർന്നു. കാരണം സാമ്പത്തികവും ഭരണപരവുമായ അഴിമതി കുറ്റകൃത്യങ്ങൾക്ക് "ഒഴിവാക്കപ്പെടൽ" പതിവ് ബാധകമല്ല.