വിസ മെഡിക്കൽ 'Unfit' ആയാൽ എന്തുചെയ്യണം? പ്രവാസികൾ അറിയേണ്ട ചില കാര്യങ്ങൾ

എന്തുകൊണ്ടാണ് നിങ്ങൾ അൺഫിറ്റ് ആയതെന്ന് ആദ്യം മനസ്സിലാക്കുക. മെഡിക്കൽ സെന്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിൽ ഇത് വ്യക്തമായിട്ടുണ്ടാകും.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
MEDICAL

ഗൾഫ് രാജ്യങ്ങളിൽ ജോലി തേടുന്നവർക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് മെഡിക്കൽ പരിശോധനകൾ. ഒരിക്കൽ മെഡിക്കൽ പരിശോധനയിൽ പരാജയപ്പെടുന്നത് (Unfit) പലപ്പോഴും പ്രവാസ സ്വപ്നങ്ങൾക്ക് തടസ്സമാകാറുണ്ട്.

Advertisment

എന്നാൽ ഒരിക്കൽ അൺഫിറ്റ് ആയതുകൊണ്ട് ജീവിതകാലം മുഴുവൻ വിദേശ യാത്ര തടസ്സപ്പെടുമോ? ഇതിനെ എങ്ങനെ മറികടക്കാം? അറിയേണ്ട കാര്യങ്ങൾ ഇവയാണ്.
എന്തുകൊണ്ടാണ് വിസ മെഡിക്കൽ പരാജയപ്പെടുന്നത്?

പ്രധാനമായും ഗൾഫ് ഹെൽത്ത് കൗൺസിലിന് കീഴിലാണ് മെഡിക്കൽ പരിശോധനകൾ നടക്കുന്നത്. പകർച്ചവ്യാധികൾ, ശ്വാസകോശത്തിലെ പാടുകൾ , ഹെപ്പറ്റൈറ്റിസ് ബി & സി, എച്ച്.ഐ.വി, ചില ഹൃദ്രോഗങ്ങൾ, കാഴ്ചശക്തിയിലെ വലിയ തകരാറുകൾ എന്നിവയാണ് സാധാരണയായി റിജക്റ്റ് ചെയ്യപ്പെടാൻ കാരണമാകുന്നത്.

സിസ്റ്റത്തിൽ 'Unfit' എന്ന് കാണിച്ചാൽ എന്തുചെയ്യണം?

1. കൃത്യമായ കാരണം കണ്ടെത്തുക

എന്തുകൊണ്ടാണ് നിങ്ങൾ അൺഫിറ്റ് ആയതെന്ന് ആദ്യം മനസ്സിലാക്കുക. മെഡിക്കൽ സെന്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിൽ ഇത് വ്യക്തമായിട്ടുണ്ടാകും. താൽക്കാലികമായ ആരോഗ്യ പ്രശ്നങ്ങളാണെങ്കിൽ (ഉദാഹരണത്തിന് ഇൻഫെക്ഷൻ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം) അത് ചികിത്സിച്ച് ഭേദമാക്കാം.

2. അപ്പീൽ നൽകാനുള്ള വഴി

നിങ്ങളുടെ പഴയ ആരോഗ്യപ്രശ്നം ഇപ്പോൾ ഭേദമായെങ്കിൽ, സർക്കാർ ആശുപത്രിയിലെയോ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെയോ റിപ്പോർട്ടുമായി മെഡിക്കൽ സെന്ററിനെ സമീപിക്കാം. അവർ വഴി ഗൾഫ് ഹെൽത്ത് കൗൺസിലിന് അപ്പീൽ നൽകാൻ സാധിക്കും. പരിശോധനയിൽ പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഇത് തിരുത്താൻ സാധിക്കും.

3. സെൻട്രൽ സിസ്റ്റത്തിലെ ഡാറ്റ

ഒരിക്കൽ 'Unfit' എന്ന് രേഖപ്പെടുത്തിയാൽ അത് GCC രാജ്യങ്ങളുടെ സെൻട്രൽ ഡേറ്റാബേസിൽ (WAFID Portal) സേവ് ചെയ്യപ്പെടും. ഒരു വർഷം കഴിഞ്ഞാലും പഴയ ഡാറ്റ അവിടെ കാണാൻ സാധ്യതയുണ്ട്. പുതിയ വിസയ്ക്ക് ശ്രമിക്കുന്നതിന് മുൻപ് മെഡിക്കൽ സെന്ററുമായി ബന്ധപ്പെട്ട് ഈ പഴയ സ്റ്റാറ്റസ് ക്ലിയർ ചെയ്യാൻ സാധിക്കുമോ എന്ന് പരിശോധിക്കണം.

4. വിദഗ്ധ പരിശോധന സ്വന്തം നിലയ്ക്ക് നടത്തുക

വീണ്ടും വിസ മെഡിക്കലിന് പോകുന്നതിന് മുൻപ്, പ്രമുഖ ലാബുകളിൽ പോയി മുൻപ് കണ്ടത്തിയ തകരാറുകൾ ഇപ്പോഴുണ്ടോ എന്ന് സ്വന്തം നിലയ്ക്ക് പരിശോധിക്കുക. എക്സ്റേയിലോ രക്തപരിശോധനയിലോ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങുക.

പെർമനന്റ് അൺഫിറ്റ് (Permanent Unfit)

ശ്വാസകോശത്തിലെ ഉണങ്ങിയ പാടുകൾ (Scar) പോലുള്ള കാര്യങ്ങൾ ചില രാജ്യങ്ങൾ ഗൗരവമായാണ് കാണുന്നത്. ഇത്തരത്തിൽ സ്ഥിരമായ കാരണത്താലാണ് റിജക്ഷൻ ലഭിച്ചതെങ്കിൽ അത് മാറ്റിയെടുക്കുക എന്നത് പ്രയാസകരമാണ്. എങ്കിലും ഓരോ രാജ്യങ്ങളുടെയും (Saudi, UAE, Qatar, etc.) നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.

പ്രത്യേകം ശ്രദ്ധിക്കാൻ:

വിസ നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ പ്രവാസികൾ സ്വന്തം നിലയ്ക്ക് ഒരു പ്രാഥമിക ആരോഗ്യ പരിശോധന നടത്തുന്നത് മെഡിക്കൽ പരാജയപ്പെടാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

Advertisment