/sathyam/media/media_files/2026/01/21/untitled-1-2026-01-21-18-59-22.jpg)
മക്ക: മലയാളിയുടെ പ്രവാസത്തോടൊപ്പം അവരുടെ സർഗാത്മകതയും ലോകമെമ്പാടും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 'പ്രവാസി സാഹിത്യോത്സവ്' സൗദിയിലും ആവേശം പരത്തുന്നു.
നിലവിൽ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നീ വൻകരകളിലെ 26-ഓളം രാഷ്ട്രങ്ങളിലാണ് പ്രവാസി സാഹിത്യോത്സവുകൾ നടന്നുക്കൊണ്ടിരിക്കുന്നത്.
ജനുവരി 23 ന് മക്കയിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫാമിലി സാഹിത്യോത്സവുകളിൽ തുടങ്ങി, യൂനിറ്റ് , സെക്ടർ, സോൺ തലങ്ങളിൽ മത്സരിച്ചു വിജയിച്ച പ്രതിഭകളാണ് നാഷണൽ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്.
സൗദി വെസ്റ്റിലെ ജിസാൻ, അസീർ, അൽബഹ, തായിഫ്, മക്ക, ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മദീന, റാബിഖ്, യാമ്പു, തബൂക്ക് തുടങ്ങി 11 സോണുകളിൽ നിന്നായി 300 പ്രതിഭകളും വിവിധ സോണുകളിലെ ക്യാമ്പസ് തല മത്സര വിജയികളും അതത് സോണുകളെ പ്രതിനിധീകരിച്ചു മത്സരരംഗത്തുണ്ടാകും.
പാരമ്പര്യ കലകളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിക്കുന്ന വേദിയാണ് സാഹിത്യോത്സവിന്റേത്.
മാപ്പിളപ്പാട്ട്, ദഫ്‌മുട്ട്, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങൾ, കവിതാ പാരായണം തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കൊപ്പം, വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ , ലെറ്റർ ടു ദി എഡിറ്റർ , പ്രബന്ധ രചന എന്നിവയും, സർഗ്ഗാത്മകതയുടെ പുതിയ തലങ്ങൾ തേടുന്ന സോഷ്യൽ ട്വീറ്റ് , അറബിക് കാലിഗ്രാഫി , കൊളാഷ് , സ്പോട്ട് മാഗസിൻ, കവിതാ രചന, കഥാ രചന, ഹൈക്കു തുടങ്ങിയ 80 ഇനങ്ങൾ മത്സരങ്ങളുടെ മാറ്റുകൂട്ടും. ജൂനിയർ, സെക്കൻ്ററി, സീനിയർ, ജനറൽ തുടങ്ങിയ 14 കാറ്റഗറികളിലായി 12 സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടക്കുക.
സാഹിത്യോത്സവിന്റെ ഭാഗമായി വൈകുന്നേരം ആറ് മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും.
സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്തും കടവ് സംസാരിക്കും.
സംഗമത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് (Neurodivergence) അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന 'സ്നേഹോത്സഹവും', പ്രവാസത്തിന്റെ ജോലിത്തിരക്കുകൾക്കിടയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമാവാൻ കഴിയാത്തവർക്കായി 'കലോത്സാഹവും', സ്ത്രീകൾക്ക് തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പങ്കുവെക്കാനായി 'ഒരിടത്ത്' എന്ന സാഹിത്യ സംഗമവും സാഹിത്യോത്സവിന്റെ ഭാഗമായി നടന്നു.
സാഹിത്യോത്സവിന്റെ നഗരിയിൽ പ്രത്യേകം സജ്ജമാക്കിയ സാംസ്കാരിക കോർണറിൽ സാഹിത്യ സംസാരങ്ങൾ നടക്കും.
പ്രശസ്ത എഴുത്തുകാരായ മുഹമ്മദലി പുത്തൂർ, ലുക്മാൻ വിളത്തൂർ, ജാബിറലി പത്തനാപുരം തുടങ്ങിയവർ സംസാരിക്കും.
സംഘാടക സമിതി ചെയർമാൻ ഷാഫി ബഖവി, എക്സിക്യൂട്ടീവ് കൺവീനർ ജമാൽ കക്കാട്, ആർ എസ് സി ഗ്ലോബൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ, വെസ്റ്റ് നാഷണൽ നേതാക്കളായ ഉമൈർ വയനാട് ( ജനറൽ സെക്രട്ടറി), ഷബീറലി തങ്ങൾ (സെക്രട്ടറി), റഫീഖ് കൂട്ടായി (സെക്രട്ടറി) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us