ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് അനുശോചിച്ചു

New Update
oommenchandy

ജിദ്ദ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അനുശോചിച്ചു.
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പം പ്രവാസികളേയും ചേർത്തുപിടിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കമ്മിറ്റി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു.കേസുകളിൽ കുരുങ്ങിപ്പോയ നിരവധി പ്രവാസികൾക്ക് അദ്ദേഹത്തിന്റെ മുൻകൈയിൽ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടുണ്ട്.

Advertisment

വിമർശിക്കുന്നവരെയും സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സമരം നടത്തുന്നവരെയും തീവ്രവാദികളാക്കി മാറ്റിനിർത്തുകയും അവരോട് സംസാരിക്കില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഭരണാധികാരികളുള്ള ഇക്കാലത്ത് വിമർശകരോട് പോലും  ഉമ്മൻചാണ്ടി പുലർത്തിയിരുന്ന മാന്യമായ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ആകമാനം മാതൃകയാണ്.

കേരളത്തിന്റെ വികസനത്തിനും ജനക്ഷേമ പദ്ധതികൾക്കും തന്റേതായ സംഭാവനകൾ അർപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്ത ജനവിഭാഗങ്ങളോട് മികച്ച രൂപത്തിലുള്ള ബന്ധം വച്ചുപുലർത്തുകയും അവരെ കേൾക്കുകയും ചെയ്തു എന്നത് ഉമ്മൻചാണ്ടിയുടെ വലിയൊരു പ്രത്യേകതയായിരുന്നു എന്നും കമ്മിറ്റി അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ വിയോഗം മൂലം പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും വേദനയിൽ പ്രവാസി വെൽഫെയർ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment