/sathyam/media/media_files/2025/09/09/photos249-2025-09-09-21-31-20.jpg)
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വന്‍ സ്‌ഫോടനം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു.
ഇസ്രായേല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റുമായി സഹകരിച്ച് ദോഹയില്‍ ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കാന്‍ വ്യോമസേന ശ്രമിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.
അതേസമയം ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സൗദി മാധ്യമമായ അല്‍ അറേബ്യ തങ്ങള്‍ക്ക് ലഭിച്ച പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ മുഖ്യ ചര്‍ച്ചക്കാരന്‍ ഖലീല്‍ അല്‍-ഹയ്യ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയും ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്.
ആക്രമണത്തിന് ഇരയായ പേര് വെളിപ്പെടുത്താത്ത ഹമാസ് അംഗങ്ങള്‍ വര്‍ഷങ്ങളോളം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും 'ഹമാസിനെ പരാജയപ്പെടുത്താന്‍' തങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.
ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു.
ഇവര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരായ ആക്രമണത്തിന് നേരിട്ട് ഉത്തരവാദികളാണെന്നും ഐഡിഎഫ് ആരോപിച്ചു.
ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു.
''ഈ ക്രിമിനല്‍ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ്, കൂടാതെ ഖത്തറികളുടെയും ഖത്തറിലെ താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്,'' പ്രസ്താവനയില്‍ പറയുന്നു.
ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം പ്രാദേശിക സുരക്ഷയില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി കൈകടത്തുന്നതിനെയും അവരുടെ സുരക്ഷയും പരമാധികാരവും ലക്ഷ്യമിട്ടുള്ള ഏതൊരു നടപടിയെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി ഉന്നത തലത്തില്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട് എന്നും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കും എന്നും പ്രസ്താവനയില്‍ പറയുന്നു.