ദോഹയിലെ ഇസ്രായേൽ ആക്രമണം. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ല. തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ പ്രധാനമന്ത്രി

ഇസ്രായേല്‍ നടത്തിയത് ഭീകരാക്രമണം തന്നെയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി

New Update
photos(255)

ദോഹ: ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഖത്തര്‍.

Advertisment

തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി.

ദോഹയില്‍ ഇന്നലെ രാത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേല്‍ നടത്തിയത് ഭീകരാക്രമണം തന്നെയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മേഖലയില്‍ കൂസലില്ലാതെ ഭീകരപ്രവര്‍ത്തനം നടത്തുന്നയാളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവെന്നും അദ്ദേഹം തുറന്നടിച്ചു.

ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ചരിത്രം ഈ ആക്രമണത്തെ രേഖപ്പെടുത്തും.

വഞ്ചനയെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ. അന്താരാഷ്ട്ര നിയമങ്ങളെ മാത്രമല്ല, ധാര്‍മികതയെയും ഇസ്രായേല്‍ കാറ്റില്‍പ്പറത്തി.

ഇസ്രായേലിനെതിരെ രാജ്യാന്തര തലത്തില്‍ നിയമനടപടികള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ആക്രമണവിവരം അറിയിച്ചെന്ന അമേരിക്കന്‍ അവകാശവാദത്തെ ഖത്തര്‍ പ്രധാനമന്ത്രി തള്ളി. സംഭവം കഴിഞ്ഞ് പത്തു മിനിറ്റിന് ശേഷമാണ് അമേരിക്ക വിവരം അറിയിച്ചത്.

ആക്രമണത്തോട് സുരക്ഷാ സേന കൃത്യമായ രീതിയിലാണ് പ്രതികരിച്ചത്. അത്യാഹിതങ്ങള്‍ അതിവേഗത്തില്‍ കണ്ടെത്താനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Advertisment