‘അഡിറ്റീവ് മാനുഫാക്ചറിംഗ്’ ഇൻഡസ്ട്രിയുടെയും സ്മാർട്ട് സിറ്റികളുടെയും ഭാവി രൂപപ്പെടുത്തൽ; സെമിനാർ സംഘടിപ്പിച്ച് ഐഇഐ ഖത്തർ ചാപ്റ്റർ

New Update
d3821a11-06cc-45b0-90f7-abdcd3a55e18

ദോഹ: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ (ഐഇഐ–ഖത്തർ ചാപ്റ്റർ) 2025 ഒക്ടോബർ 26-ന് “അഡിറ്റീവ് മാനുഫാക്ചറിംഗ്: ഷേപ്പിംഗ് ദി ഫ്യൂച്ചർ ഓഫ് ഇൻഡസ്ട്രി ആൻഡ് സ്മാർട്ട് സിറ്റീസ്” എന്ന വിഷയത്തിൽ ചിന്താപ്രേരകമായ സെമിനാർ സംഘടിപ്പിച്ചു. ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന്റെ പ്രൊഫഷണൽ മികവും സാങ്കേതിക പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ് ഐഇഐ ഖത്തർ ചാപ്റ്റർ.

Advertisment

സെമിനാറിന്റെ ഉദ്ഘാടനം ഒറിക്സ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് കോളേജ് ഡീൻ ഡോ. റഫാൽ അൽ മുഫ്തി നിർവഹിച്ചു. ഖത്തറിലെ എഞ്ചിനീയറിംഗ് രംഗത്തിന് ഐഇഐ നൽകിയ സംഭാവനയും ഇന്ത്യ–ഖത്തർ ദ്വൈതബന്ധത്തിന്റെ 51 വർഷം നീണ്ട യാത്രയും അദ്ദേഹം പ്രശംസിച്ചു. പുതുതായി ഉയർന്ന് വരുന്ന സാങ്കേതിക മേഖലകളിൽ തൊഴിലാളി സമൂഹത്തെ പ്രാപ്തരാക്കാൻ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നതായും ഡോ. മുഫ്തി ചൂണ്ടിക്കാട്ടി.

ചെയർമാൻ അബ്ദുൽ സത്താർ അധ്യക്ഷ പ്രസംഗം നടത്തി. കൃത്രിമ ബുദ്ധി (എ.ഐ.) ഉൾപ്പെടെ കട്ടിംഗ് എഡ്ജ് സാങ്കേതിക വിദ്യകളിൽ ഐഇഐയുടെ പ്രതിബദ്ധത ഈ പരിപാടി പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറ എഞ്ചിനീയർമാരെ മികവുറ്റവരാക്കാൻ ആവശ്യമായ അറിവും ഉപകരണങ്ങളും നൽകുന്നതിനായി ഐഇഐ മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

മുഖ്യപ്രഭാഷണത്തിൽ ഒറിക്സ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. നൂറുദ്ദീൻ അൻസാരി “Additive Manufacturing: Shaping the Future of Industry and Smart Cities” എന്ന വിഷയത്തെ ആസ്പദമാക്കി ആധുനിക സാങ്കേതിക പുരോഗതികളെ വിശദീകരിച്ചു. എ.ഐ.യുടെ സ്വാധീനം വ്യവസായം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, റീട്ടെയിൽ മേഖല തുടങ്ങിയവയിൽ ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

പ്രധാനാതിഥിയായി പങ്കെടുത്ത ഖത്തർ എനർജി സീനിയർ എഞ്ചിനീയർ ഖാലിദ് ഫഖ്റൂ, എ.ഐ.യും മനുഷ്യചിന്തയും തമ്മിലുള്ള ബന്ധം സമൂഹത്തിന്റെ എല്ലാ മേഖലകളെയും നവീകരണത്തിലേക്ക് നയിക്കുന്നതായും മനുഷ്യരാശിയെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന ശക്തിയാണിതെന്നും അഭിപ്രായപ്പെട്ടു.

സെമിനാറിനോടനുബന്ധിച്ച് “ഐഇഐ നെക്സ്റ്റ് ജെൻ എഞ്ചിനീയേഴ്സ് ഫോറം (NEF)” എന്ന പുതിയ വേദിയും രൂപീകരിച്ചു. 50-ത്തിലധികം പുതുതായി ബിരുദം നേടിയ എഞ്ചിനീയർമാരാണ് പ്രാഥമിക കമ്മിറ്റിയിലെ അംഗങ്ങൾ. ഭാവിയിലെ എഞ്ചിനീയർമാരെ ശക്തിപ്പെടുത്തൽ, നവീകരണ-ഗവേഷണ പ്രോത്സാഹനം, ഇൻഡസ്ട്രി–അക്കാദമിക് സഹകരണത്തിന് വേദിയൊരുക്കൽ, പ്രൊഫഷണൽ മികവ് വർധിപ്പിക്കൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ പിന്തുണയ്ക്കൽ, ആഗോള നെറ്റ്‌വർക്ക് വികസനം എന്നിവയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

അബ്ദുൽ സമീർ സാബ് സ്വാഗത പ്രസംഗം നടത്തി. അശിക് കെ നന്ദിപ്രസംഗം നിർവഹിച്ചു. പ്രൊഫഷണലുകൾ, അക്കാദമീഷ്യൻമാർ, ഇൻഡസ്ട്രി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങ് നെറ്റ്‌വർക്കിംഗിനും അറിവ് കൈമാറ്റത്തിനും മികച്ച വേദിയായി.

സ്ഥാപിതമായതുമുതൽ കഴിഞ്ഞ 35 വർഷങ്ങളായി ഐഇഐ ഖത്തർ ചാപ്റ്റർ ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന് പ്രൊഫഷണൽ സേവനങ്ങൾ, ടെക്‌നിക്കൽ സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ, തുടർച്ചയായ പ്രൊഫഷണൽ വികസന പരിപാടികൾ എന്നിവയിലൂടെ സാങ്കേതിക പുരോഗതിക്കായി നിർണായക പങ്ക് വഹിച്ചുവരുന്നു.

Advertisment