/sathyam/media/media_files/vh9fqvmi2y0iH5EUuGVC.jpeg)
ദോഹ: വീണ്ടും നേട്ടം കൊയ്ത് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന സ്ഥാനമാണ് ഹമദ് വിമാനത്താവളം സ്വന്തമാക്കിയിരിക്കുന്നത്. ഡാറ്റാ ടെക് കമ്പനിയായ എയർ ഹെൽപ് തയ്യാറാക്കിയ പട്ടികയിലാണ് എയർപോർട്ട് മുൻപന്തിയിലെത്തിയത്.
69 രാജ്യങ്ങളിൽ നിന്നുള്ള 239 വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്നാണ് ഹമദ് വിമാനത്താവളം ഒന്നാമതെത്തിയത്. വിമാന സർവീസുകളുടെ കൃത്യനിഷ്‌ട, ഉപഭോക്താക്കളുടെ സംതൃപ്‌തി, ഫുഡ് ആൻ്റ് ഷോപ്‌സ് തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിൽ 8.52 പോയിൻ്റാണ് ഹമദ് എയർപോർട്ട് സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തായിരുന്നു ഹമദ് വിമാനത്താവളത്തിന്റെ സ്ഥാനം. ഇതാണ് ഇത്തവണ ഉയർന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ വിമാനത്താവളമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.