ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമത്താവളം ആക്രമിച്ച സംഭവത്തിൽ ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു.
ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇറാൻ നയതന്ത്ര പ്രതിനിധി അലി സലേഹബാദിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി.
ഇതിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചു കൊണ്ട് ഖത്തർ പ്രതികരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിവിധ തലങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്ന ഖത്തറിനുമേൽ നടത്തിയ ഈ ആക്രമണം ന്യായീകരിക്കാനാവില്ലെന്നും ചർച്ചകളിലൂടെയും നയതന്ത്രവഴികളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സംഘർഷം വർധിപ്പിക്കാതിരിക്കാൻ, സൈനിക നടപടി അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.