ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന പ്രമുഖ വ്യവസായിയും ഫാമിലി ഫുഡ് സെൻ്റർ സൂപ്പർ മാർക്കറ്റ് സ്ഥാപകനും ഹൈസൻ ഉടമയുമായിരുന്ന പി.പി. ഹൈദർ ഹാജി (90) അന്തരിച്ചു. ദോഹയിൽ വെച്ചായിരുന്നു അന്ത്യം അന്ത്യം.
ഖത്തറിലെ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന്, അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്. ദീർഘകാലം ഖത്തറിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നിരവധി പേർക്ക് താങ്ങും തണലുമായിരുന്നു.
വ്യവസായ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹൈദർ ഹാജി, ഖത്തർ എം ഇ എസ് ഇന്ത്യൻ സ്കൂൾ, ഫാമിലി ഫുഡ് സെൻ്റർ സൂപ്പർ മാർക്കറ്റ്, ഹൈസൻ ഹോട്ടല്‍, ഹൈസണ്‍ മോട്ടോഴ്സ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നിരവധി പേർക്ക് തൊഴിലവസരങ്ങൾ നൽകി.
ഖത്തർ ഇൻകാസിന്റെ പ്രഥമ ഉപദേശക സമിതി അംഗവും ഖത്തർ ഐസിബിഎഫ്, ഐസിസി എന്നിവയുടെ അമരക്കാരിൽ ഒരാളുമായിരുന്നു. തൃശൂർ കുന്ദംകുളം തൊഴിയൂർ സ്വദേശിയാണ്. ഭാര്യ: പരേതയായ ജമീല. മക്കൾ: ഫൈസൽ, ജമാൽ, അൻവർ, ആഷിഖ്, നസീമ അഷ്‌റഫ്(ഖത്തർ).
പി.പി. ഹൈദർ ഹാജിയുടെ വിയോഗം ഖത്തർ സമൂഹത്തിനും പ്രവാസി മലയാളികൾക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.