ദോഹ: ഖത്തറിന്റെ പല പ്രദേശങ്ങളിലും മഴ. ഖത്തറിന്റെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത തീവ്രതയില്‍ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുലര്‍ച്ചെയോടെയാണ് ദോഹ ഉള്‍പ്പെടെ പല ഭാഗങ്ങളിലും നേരിയ തോതില്‍ മഴ പെയ്തത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ഖോര്‍, വക്ര തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴ അനുഭവപ്പെട്ടു. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ തീരപ്രദേശങ്ങളില്‍ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും, ഇടയ്ക്കിടെ പൊടിപടലങ്ങളോടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴക്കാലത്ത് വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതിന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍, കഹ്റാമ, സോഷ്യല്‍ മീഡിയ വഴി അവശ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരാനും തുറസ്സായ സ്ഥലങ്ങള്‍ ഒഴിവാക്കാനും കഹ്റാമ അഭ്യര്‍ഥിച്ചിട്ടുണ്ട്.
വെള്ളവുമായി ബന്ധം വരുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഓഫ് ആക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മഴയുടെ സാഹചര്യം കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.