/sathyam/media/media_files/2025/12/03/aiswarya-hgh-2025-12-03-17-10-13.jpg)
ജിദ്ദ: ജിദ്ദ ബലദിലെ കൾച്ചറൽ സ്‌ക്വയർ നാളെ വീണ്ടും ലോകസിനിമയുടെ വലിയ വേദിയാകുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ചാമത് റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ തിരശ്ശീലം നാളെയാണ് ഉയരുന്നത്. ഉദ്ഘാടന ദിനത്തിൽ തന്നെ ബോളിവുഡ് താരം ഐശ്വര്യ റായ് പങ്കെടുക്കുന്ന ‘ഇൻ കോൺവേഴ്സേഷൻ’ പരിപാടി പ്രേക്ഷകർക്ക് ഏറ്റവും വലിയ ആകർഷണമായി മാറി.
രണ്ടര മുതൽ മൂന്നര വരെയുള്ള സമയം നീണ്ടുനിൽക്കുന്ന ഈ പ്രത്യേക സെഷന്റെ ടിക്കറ്റുകൾ മുഴുവൻ തന്നെ മുൻകൂട്ടി വിറ്റഴിഞ്ഞു. ഫെസ്റ്റിവലിനോടുള്ള പൊതുസമൂഹത്തിന്റെ ആവേശവും താരത്തിന്റെ ജനപ്രിയതയും ഇതിലൂടെ വീണ്ടും തെളിയിക്കുന്നു.
ഫെസ്റ്റിവലിന്റെ ‘ഇൻ കോൺവേഴ്സേഷൻ’ പരമ്പരയിൽ ഈ വർഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്നു. ഉദ്ഘാടന ചിത്രമായ ‘ജയന്റ്’-ിലെ നായകനും അന്താരാഷ്ട്ര നിലവാരത്തിലുള്ള നടനുമായ അമീർ എൽ മസ്രി, ഓസ്‌കാർ നാമനിർദ്ദേശം നേടിയ ‘ഫോർ ഡോട്ടേഴ്സ്’ എന്ന ചിത്രത്തിന്റെ സംവിധായിക കൗതർ ബെൻ ഹാനിയ, അവർ സംവിധാനം ചെയ്ത ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും ഫെസ്റ്റിവലിൽ ഉണ്ടാകും.
പ്രശസ്ത സൗദി നടൻ യാക്കൂബ് അൽഫർഹാൻ ഈ വർഷം പ്രേക്ഷകർക്ക് നിരവധി ചിത്രങ്ങളിലൂടെ പ്രത്യക്ഷപ്പെടും. നോറ, അൽഗൈഡ്, എ മാറ്റർ ഓഫ് ലൈഫ് ആൻഡ് ഡെത്ത് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ അറിയപ്പെടുന്ന താരം ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് സംഘാടകർ സ്ഥിരീകരിച്ചു.
അതോടൊപ്പം, ഈജിപ്ഷ്യൻ നടി ലെബ്ലെബയും ചടങ്ങുകളിൽ പങ്കെടുക്കും. അവരുടെ ഏറ്റവും പുതിയ ചിത്രമായ ‘വെഡ്ഡിംഗ് റിഹേഴ്സൽ’ പ്രദർശനത്തിനായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിനിമകളും സിനിമാരംഗത്തെ പ്രമുഖരുമെത്തുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവൽ മിഡിൽ ഈസ്റ്റിലെ പ്രധാന കലാസാംസ്കാരിക ആഘോഷങ്ങളിലൊന്നായിമാറിക്കൊണ്ടിരിക്കുകയാണെന്ന് സംഘടനാ സമിതി വ്യക്തമാക്കി.
ബാദ്‌ഷാ ഇ.കെ- സത്യം ഊ റിപ്പോർട്ട് ജിദ്ദ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us