റിയാദ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയിൽ സൗദി അറേബ്യയിൽ ജനജീവിതം താറുമാറായി. മഴയിൽ നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.
വെള്ളം കയറിയതിനെ തുടർന്ന് റോഡുകൾക്കടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡുകളോട് ചേർന്ന് പാർക്ക് ചെയ്ത വാഹനങ്ങൾ വെള്ളത്തിൽ ഒലിച്ചുപോയി.
സൗദിയിൽ രണ്ടു ദിവസത്തിനിടെ 4.9 സെന്റീമീറ്റർ മഴ ലഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം. മക്ക, മദീന, ജിദ്ദ തുടങ്ങിയ സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ജിദ്ദ നഗരത്തിൽ 3.8 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരമായ റിയാദ്, സെൻട്രൽ സൗദി അറേബ്യ, അസീറിന്റെയും ജസാന്റെയും തെക്കുപടിഞ്ഞാറൻ പ്രവിശ്യകൾ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പേമാരിക്കും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ വകുപ്പ് അധികൃതർ നൽകിയിരുന്നു. ഇന്നലെ മുതൽ മക്കയിലും റിയാദിലുമെല്ലാം കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുകയാണ്.
സൗദിയിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്ത് വന്നിട്ടുണ്ട്. ശക്തമായ ഇടിമിന്നലും കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.