റിയാദ്: കോവിഡിനു ശേഷം ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങി ഹൃദയ സംബന്ധമായ രോഗങ്ങളിൽ കുഴങ്ങി പ്രവാസി ലോകം. പ്രവാസ ലോകത്ത് ഒട്ടനവധി മരണങ്ങളാണ് ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഈ മരണങ്ങളിൽ അധികവും പ്രവാസ ജീവിതം നയിക്കുന്ന മലയാളികളാണെന്നത് വ്യസനിപ്പിക്കുന്ന വാർത്തയാവുന്നു. ഓരോ ദിവസവും പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രവാസികൾക്കിടയിൽ ഭീതി പടർത്തിയിട്ടുണ്ട്.
റിയാദിൽ മാത്രം കഴിഞ്ഞ ദിവസവും അഞ്ചിന് മുകളിൽ മലയാളികൾ മരണത്തിനു കീഴടങ്ങിയെന്നാണ് റിപ്പോർട്ട്.
പ്രവാസികൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം പങ്കുവയ്ക്കുന്ന പോസ്റ്റുകളുടെ മാത്രം അടിസ്ഥാനത്തിൽ കണക്കെടുത്താൽ മരിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്.
കോവിഡിനു ശേഷമാണ് ഇത്രയും മരണം കൂടിയത് എന്ന് സാമൂഹ്യ രംഗങ്ങളിലും മെഡിക്കൽ രംഗങ്ങളിലും പ്രവർത്തിക്കുന്നവർ പറയുന്നത്.
ചെറുപ്പക്കാരായ ആളുകളാണ് മരിക്കുന്നതിലധികവും.
25നും 40 നും ഇടയിലുള്ളവരാണ് മരണപ്പെട്ടവർ. ഹൃദയ സംബന്ധമായ അസുഖങ്ങൾ ചെറുപ്പക്കാരെ വലിയ രീതിക്ക് ബാധിച്ചിട്ടുണ്ട് എന്ന് സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.
ഹൃദയാഘാതം. സ്ട്രോക്ക് അടക്കം നിരവധി ശാരീരിക പ്രശ്നങ്ങളാൽ നിരവധി പേർ ഹോസ്പിറ്റലുകളിൽ ചികിത്സക്കെത്തുന്നുണ്ട്.
പ്രവാസി കുടുംബങ്ങളുടെ ഇടയിൽ പോലും ദിവസവും വരുന്ന വാർത്തകൾ ഭയപ്പാടോടെയാണ് കാണുന്നത്.
ഗൾഫ് മലയാളി ഫെഡറേഷൻ, സൗദി അറേബ്യയിലെ ആരോഗ്യ വിഭാഗം, മറ്റ് ഹോസ്പിറ്റലുകളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ വിഭാഗവുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിവരികയാണ്.
ഈ വിഷയത്തിൽ ഒട്ടനവധി പ്രവാസികൾ മാനസിക പ്രതിസന്ധിയിലാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഇവർക്ക് കൂടെയുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ബോധവൽക്കരണം നൽകാനും പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്തുപിടിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.