ശഅബാൻ മാസം വന്നണഞ്ഞു. വിശുദ്ധ റമദാനെ വരവേൽക്കാൻ ഒരുക്കം തുടങ്ങി വിശ്വാസികൾ

റജബ് മാസം മുതൽ റമദാനിൽ നോമ്പനുഷ്ഠിക്കാനും ആരാധനയും സൽകർമങ്ങളും ചെയ്യാനും അവസരം ലഭിക്കണേ എന്നായിരുന്നു ഓരോ നിസ്‌കാര ശേഷവും വിശ്വാസികളുടെ പ്രാർത്ഥന.

author-image
സൌദി ഡെസ്ക്
New Update
ramdhan

റിയാദ്: ചന്ദ്രക്കല ദർശിച്ചതോടെ ശഅബാൻ മാസം വന്നണഞ്ഞു. വിശുദ്ധ റമദാന് ഇനി ഒരു മാസം മാത്രം.

Advertisment

ഇതോടെ ജീവിതത്തെ ശുദ്ധീകരിക്കാൻ കടന്നുവരുന്ന ദിനരാത്രങ്ങളെ വരവേൽക്കാൻ വിശ്വാസികൾ തകൃതിയായ ഒരുക്കത്തിലേക്ക് നീങ്ങിത്തുടങ്ങി.


ആരാധനകളിലും അനുഷ്ടാന കർമ്മങ്ങളിലും നിരതരായി സൃഷ്ടാവിന്റെ തൃപ്തി സമ്പാദിക്കാനും പരലോക മോക്ഷം നേടിയെടുക്കാനും കനിഞ്ഞേകിയ സുവർണ്ണാവസരം.


റജബ് മാസം മുതൽ റമദാനിൽ നോമ്പനുഷ്ഠിക്കാനും ആരാധനയും സൽകർമങ്ങളും ചെയ്യാനും അവസരം ലഭിക്കണേ എന്നായിരുന്നു ഓരോ നിസ്‌കാര ശേഷവും വിശ്വാസികളുടെ പ്രാർത്ഥന.

അനുഗ്രഹങ്ങളുടെ കേദാരമാണ് പരിശുദ്ധ റമദാൻ. ആത്മസംസ്‌കരണത്തിന്റെ നിലാവ് പെയ്തിറങ്ങുന്ന മാസത്തെ പൂർണമായി നുകരാനുള്ള ഒരുക്കമാണ് എങ്ങും. 


വിശ്വാസികൾ റമദാനിനെ സ്വീകരിക്കാൻ മനസ്സും ശരീരവും പാകപ്പെടുത്തുകയാണ്. വീടും പരിസരവും വൃത്തിയാക്കുകയും സാമൂഹിക നന്മയ്ക്ക് ഒരുക്കങ്ങൾ കൂട്ടുകയുമാണ് ലോകത്താകമാനമുള്ള വിശ്വാസികൾ.


പള്ളികളിലും വീടുകളിലുമെല്ലാം ഖുർആനിന്റെ മന്ത്ര ധ്വനികൾ മാത്രം. ഖുർആൻ പാരായണം നടത്തി വിശ്വാസികൾ ആത്മ നിർവൃതിയടയുന്നു. 

പുണ്യ റമദാൻ എത്തിയതോടെ നിറഞ്ഞു കവിഞ്ഞിട്ടുണ്ട് ഇരു ഹറമുകളും. ഇന്നുമുതൽ ദൈർഘ്യമേറിയ രാത്രി നമസ്കാരങ്ങളാലും പ്രാർത്ഥനകൾ കൊണ്ടും സജീവമാകും ഹറമുകൾ. 


തിരക്ക് നിയന്ത്രിക്കാൻ ഇത്തവണ എഐ സംവിധാനങ്ങളുടെ സഹായത്തോടെ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി ആയിരക്കണക്കിന് സൈനിക അർദ്ധ സൈനിക വിഭാഗം ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ ഹറമിനും പരിസരത്തും വിന്യസിപ്പിച്ചിട്ടുണ്ട്. 


ആരോഗ്യ പരിരക്ഷക്കായി പ്രത്യേക സംഘങ്ങളെ മക്കയിലെ ഹറമിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മക്കയിലെ ഹറമിലെ ഇഫ്താർ ഒരുക്കുന്നതിന് ചാരിറ്റി സംഘടനകൾക്ക് മാത്രമാണ് അനുമതി. 

ഇഷാ നമസ്കാരത്തോടെ റമദാനിലെ പ്രത്യേക രാത്രി നമസ്കാരങ്ങൾക്ക് തുടക്കമാവും. സൗദിയിലെ പ്രമുഖ പണ്ഡിതരും ഖുർആൻ പാരായണ വിദഗ്ധരും ആണ് നമസ്കാരങ്ങൾക്കും പ്രാർത്ഥനക്കും നേതൃത്വം നൽകുക. 


നമസ്കാരങ്ങൾക്ക് അവസാനം പ്രത്യേക പ്രാർത്ഥനയുമുണ്ട്. റമദാനിലെ ഓരോ പുണ്യത്തിനും ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.


നാട്ടില്‍ നോമ്പും പെരുന്നാളും ചെലവഴിക്കാന്‍ തീരുമാനിച്ചവര്‍ അതിനുള്ള തയ്യാറെടുപ്പുകളുടെ ആലോചനയിലാണ്. നോമ്പിന് മുമ്പ് തന്നെ നാട്ടില്‍പോയി തിരിച്ചെത്താന്‍ ശ്രമിക്കുന്ന പ്രവാസികളുമുണ്ട്.

ഏതായാലും ഹൃദയങ്ങളെ നൈര്‍മല്യമാക്കുന്ന മാസത്തെ ആരാധനകള്‍ കൊണ്ട് ധന്യമാക്കി വിളവെടുക്കാനുള്ള ശ്രമത്തിലാണ് വിശ്വാസികള്‍.

Advertisment