/sathyam/media/media_files/2025/09/25/heritage-2025-09-25-18-57-38.jpg)
ജിദ്ദ: 10,300 - 11,000 കൊല്ലങ്ങൾക്ക് മുമ്പ് മനുഷ്യർ വസിച്ചിരുന്നതെന്ന് കരുതുന്ന കേന്ദ്രം വടക്കൻ സൗദിയിലെ തബൂക്ക് പ്രദേശത്തിന് വടക്കു പടിഞ്ഞാറുള്ള മസ്യുൻ സ്ഥലത്ത് കണ്ടെത്തി. ഇത് അറേബ്യൻ ഉപദ്വീപിൽ കണ്ടെത്തുന്ന ഏറ്റവും പഴക്കം ചെന്ന ആവാസ കേന്ദ്രമാണ്.
ജപ്പാനിലെ കനസാവ സർവകലാശാല, നിയോം എന്നിവയുമായി സഹകരിച്ച് സൗദി പൈതൃക കമ്മീഷൻ നടത്തിയ പുരാവസ്തു ഗവേഷണങ്ങളുടെ ഭാഗമായിരുന്നു ഈ കണ്ടെത്തൽ.
സൗദി സാംസ്കാരിക മന്ത്രിയും പൈതൃക കമ്മീഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ അറിയിച്ചതാണ് ഇത്. ഈ വാസസ്ഥലം പ്രീ-പോട്ടറി നിയോലിത്തിക്ക് കാലഘട്ടത്തിലേതാണെന്നും അദ്ദേഹം വിവരിച്ചു.
1978 മുതൽ മസ്യുൻ പ്രദേശം ദേശീയ പുരാവസ്തു രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ളതാണെങ്കിലും 2022 ഡിസംബറിൽ ആരംഭിച്ച സമീപകാല ഫീൽഡ് പഠനങ്ങളാണ് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്.
ജാപ്പനീസ് സർവകലാശാലയുമായി ചേർന്ന് സൗദി പൈതൃക കമ്മീഷൻ 2024 മെയ് വരെ നാല് തീവ്രമായ ഫീൽഡ് സീസണുകളാണ് കൈവരിച്ചത്. കൃത്യമായ ശാസ്ത്രീയ രീതിശാസ്ത്രം ഉപയോഗിച്ച് കൊണ്ടുള്ള സംഘടിത ഉത്ഖനന പ്രവർത്തനങ്ങൾ, പുരാവസ്തു പാളികൾ രേഖപ്പെടുത്തൽ, കണ്ടെത്തലുകൾ തരംതിരിച്ച് വേർതിരിക്കൽ, തുടർന്ന് അവയുടെ കാലം നിർണ്ണയിക്കാൻ ജൈവ സാമ്പിളുകലിലുള്ള വിശകലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ശിലായുഗത്തിന്റെ തുടക്കത്തിൽ ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ജീവിതശൈലിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഗവേഷകർക്ക് നൽകുന്നതും പ്രതീകാത്മക അർത്ഥങ്ങൾ സൂചിപ്പിക്കുന്നതുമായ നിരവധി വസ്തുക്കൾ ഗവേഷകർ പ്രദേശത്ത് നിന്ന് കണ്ടെത്തുകയുണ്ടായി.
ഇങ്ങനെ കണ്ടത്തിയവയിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥികൂടങ്ങളുടെ അപൂർവ അവശിഷ്ടങ്ങൾ, ജിയോമെട്രിക് രേഖകൾ കൊണ്ട് അലങ്കരിച്ച ശിലാശകലങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
പുതിയ കണ്ടെത്തൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിരതാമസമാക്കിയ മനുഷ്യവാസത്തിന്റെ ആരംഭം മനസ്സിലാക്കുന്നതിൽ ഒരു പ്രധാന ശാസ്ത്രീയ വഴിത്തിരിവാണെന്ന് സൗദി പൈതൃക കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഈ പ്രദേശം "ഫലഭൂയിഷ്ഠമായ ചന്ദ്രക്കല" എന്ന പേരിൽ അറിയപ്പെടുന്ന (മെസൊപ്പൊട്ടേമിയ, ലെവന്റ്, ദക്ഷിണ അനറ്റോലിയ) വാസസ്ഥലങ്ങളുടെ സ്വാഭാവിക വിപുലീകരണമായിരുന്നുവെന്നും നാടോടികൾ എന്നതിൽ നിന്ന് സ്ഥിരതാമസം എന്ന മനുഷ്യരാശിയുടെ ജീവിത പരിവർത്തനത്തിന്റെ ആദ്യകാല കേന്ദ്രമാണെന്നുമുള്ള അനുമാനത്തെ ഇത് ശക്തിപ്പെടുത്തുന്നതായും കമ്മീഷൻ അദ്ധ്യക്ഷൻ വിവരിച്ചു.