/sathyam/media/media_files/2024/12/12/XQvocgSj017uUUcvOyP1.jpeg)
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനം രാജ്യ വ്യാപകമായി വിപുലമായി കൊണ്ടാടി. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിന്‍ സഊദിന്റെ കൈകളാല്‍ ആദ്യ സൗദി രാഷ്ട്രം സ്ഥാപിക്കപ്പെട്ടതിന്റൈ വാര്‍ഷിക ദിനത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
സൗദി ഭരണകൂടത്തിന്റെ ഉറച്ച വേരുകളിലും ആധികാരിക മൂല്യങ്ങളിലും ചരിത്രപരമായ ആഴത്തിലും ഉറച്ച നിലപാടിലും രാജ്യ നിവാസികള്‍ ഒന്നടങ്കം ഒരിക്കല്‍ കൂടി അഭിമാനം പ്രകടിപ്പിച്ചു.
മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദറഇയ തലസ്ഥാനമാക്കി ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായത് മുതല്‍ അതിലെ പൗരന്മാരും ഭരണാധികാരികളും തമ്മിലുള്ള അടുത്ത ബന്ധങ്ങള്‍ അവര്‍ അനുസ്മരിച്ചു.
സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ സംഭവങ്ങളുടെ സമ്പന്നമായ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് പുരോഗതിയുടെ പാതയില്‍ മുന്നേറികൊണ്ടിരിക്കുന്ന സൗദിയില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് സ്ഥാപിച്ച മഹത്തായ ചരിത്ര പൈതൃകത്തിന്റെ സ്മരണ പുതുക്കിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് രാജ്യമെങ്ങും അരങ്ങേറിയത്.
മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഓര്‍മകളും ചരിത്രത്തിലെ അനശ്വരമായ സംഭവങ്ങളും സാഹചര്യങ്ങളും ഓര്‍മിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് രാജ്യത്തെ വിവിധ നഗരങ്ങള്‍ വേദിയായി.
സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തോരണങ്ങളാലും പോസ്റ്ററുകളാലും പതാകകളാലും കെട്ടിടങ്ങളെല്ലാം അലങ്കരിക്കപ്പെട്ടു. സമൃദ്ധിയിലൂടെയും പ്രയാസങ്ങളിലൂടെയും രാജ്യം കടന്നുപോയ കാലത്തിന്റെ അധ്യായങ്ങള്‍ തുറപ്പിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടന്നു. കവിയരങ്ങും പരമ്പരാഗത കലാപ്രകടനങ്ങളും മാരത്തണും അരങ്ങേറി. മ്യൂസിയങ്ങളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു.