ഓപ്പണ്‍ എ ഐ പഠനം: ചാറ്റ്‌ബോട്ട് ഉപയോഗത്തിലും മുന്നില്‍ സ്ത്രീകള്‍; തെരയുന്നത് തൊഴിലേതര വിവരങ്ങള്‍

ജോലി സംബന്ധമായ സന്ദേശങ്ങളില്‍ സ്ഥിരമായ വളര്‍ച്ചയുള്ളതോടൊപ്പം തന്നെ, വളര്‍ച്ചാ കുതിപ്പ്  രേഖപ്പെടുത്തുന്നത്  ജോലിയേതര  ചാറ്റുകളിലാണ്.

New Update
adca16d2-29aa-4f0c-ab58-21988ef53b9f

ജിദ്ദ:  ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തന്‍ സൗകര്യങ്ങളും സങ്കേതങ്ങളും ഉപയോഗപ്പെടുത്തുന്നതില്‍ മുമ്പില്‍ സ്ത്രീകള്‍.    ചാറ്റ്ജി പിടി ചാറ്റ്‌ബോട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഓപ്പണ്‍ എഐ, അവരുടെ ഉപയോക്തൃ അടിത്തറയെക്കുറിച്ചുള്ള ആദ്യത്തെ വിശദമായ പഠനത്തിന്റെ ഫലങ്ങള്‍  ഇക്കാര്യം സ്ഥിരീകരിക്കുന്നു.

Advertisment

തങ്ങളുടെ എഐ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നവരില്‍  സ്ത്രീകളാണ് ഭൂരിഭാഗമെന്നും  മിക്ക ഉപയോഗങ്ങളും ജോലിയുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് ദൈനംദിന ജീവിതവുമായും വ്യക്തിപരമായ ആവിഷ്‌കാരവുമായും ബന്ധപ്പെട്ടതാണെന്നും ഓപ്പണ്‍ എഐ  പഠനം വെളിപ്പെടുത്തുന്നു.

സാങ്കേതിക വാര്‍ത്തകളില്‍ വൈദഗ്ധ്യമുള്ള ഒരു പ്ലാറ്റ്ഫോമായ 'ടെക് ക്രഞ്ച്' ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഓപ്പണ്‍ എഐ  നടത്തിയ പഠനം  2024 മെയ് മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ 1.5 ദശലക്ഷം ഉപയോക്താക്കളുടെ ചാറ്റ് ലോഗുകള്‍  വിശകലനം  ചെയ്തിട്ടാണെന്ന്  വ്യക്തമാക്കി. 

2025 ജൂണില്‍, മൊത്തം ഉപയോക്താക്കളില്‍ 52% സ്ത്രീകളായിരുന്നുവെന്ന് ഫലങ്ങള്‍ കാണിക്കുന്നു. 2022-ല്‍ ഇത് 80% പുരുഷന്മാരായിരുന്നു. പുത്തന്‍ സാങ്കേതിക വിദ്യകള്‍  ഉപയോഗത്തില്‍  യുവതലമുറയുടെ ആധിപത്യത്തെയും  പഠന ഫലം അനാവരണം ചെയ്യുന്നു.   ചാറ്റുകളില്‍ പകുതിയോളം 18-25 പ്രായ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു.    

ചാറ്റ് ജിപിടി  ഉപയോഗങ്ങളില്‍ 70% വും ജോലിയുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് ഗൃഹപാഠ സഹായം അല്ലെങ്കില്‍ പാചകം, ഫിറ്റ്‌നസ് നുറുങ്ങുകള്‍ പോലുള്ള  'പ്രായോഗിക  മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായുള്ള' അഭ്യര്‍ത്ഥനകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും  പഠനം വെളിപ്പെടുത്തുന്നു.  

ജോലി സംബന്ധമായ സന്ദേശങ്ങളില്‍ സ്ഥിരമായ വളര്‍ച്ചയുള്ളതോടൊപ്പം തന്നെ, വളര്‍ച്ചാ കുതിപ്പ്  രേഖപ്പെടുത്തുന്നത്  ജോലിയേതര  ചാറ്റുകളിലാണ്. ഇത് മൊത്തം  ഉപയോഗത്തിന്റെ  53% ല്‍ നിന്ന് 70% ലും  കൂടുതല്‍  എന്ന  വിതാനത്തിലേക്കാണ്  ഉയരുന്നതെന്നാണ്  ഓപ്പണ്‍ എഐ  റിപ്പോര്‍ട്ട്  വെളിപ്പെടുത്തുന്നത്.

ചാറ്റ് ജിപിടിയുമായുള്ള ഉപയോക്താക്കളുടെ ആശയവിനിമയ രീതികള്‍ മൂന്ന് വിഭാഗങ്ങളായാണ് നടക്കുന്നതെന്നും  ഗവേഷകര്‍  ചൂണ്ടികാണിക്കുന്നു:  ചോദ്യം, പ്രവര്‍ത്തനം, ആവിഷ്‌കാരം. എന്നിവയാണ് ആ മൂന്ന്  രീതികള്‍.  49% സന്ദേശങ്ങളും 'ചോദ്യം' ആയിട്ടാണ്.  ഇത് സൂചിപ്പിക്കുന്നത് മിക്ക ഉപയോക്താക്കളും ബോട്ടിനെ ഒരു ടാസ്‌ക് പൂര്‍ത്തീകരണ ഉപകരണമായിട്ടല്ല, മറിച്ച് ഒരു വിശ്വസനീയ ഉപദേഷ്ടാവായാണ്  കണക്കാക്കുന്നതെന്നാണ്.

പ്രൊഫഷണല്‍ ജോലികളില്‍ 'എഴുത്ത്' എന്നതിനാണ്  ആധിപത്യം എങ്കിലും, പ്രോഗ്രാമിംഗ്,  വ്യക്തിഗത ആവിഷ്‌കാരങ്ങള്‍  എന്നിവയും  എഐ  ഉപയോഗത്തിന്റെ  ചെറിയ ചെറിയ  ശതമാനമായി തുടരുകയും  ചെയ്യുന്നു.

അറിവ് അടിസ്ഥാനമാക്കിയുള്ള ജോലികളില്‍ എഐ  സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം  ജനങ്ങളെ  അവരുടെ കഴിവുകള്‍  തുറന്നു വിടാനും അതിലൂടെ  അവരുടെ ഭാവി രൂപപ്പെടുത്താനും പ്രാപ്തരാക്കുന്ന ഒരു അടിസ്ഥാന അവകാശമായി കണക്കാക്കണമെന്ന്  ഓപ്പണ്‍ എഐ പ്രസിദ്ധീകരിച്ച  പഠന ഫലം ഉപസംഹരിച്ചു.

Advertisment