/sathyam/media/media_files/2025/09/13/ddf82d16-fdff-49c1-872e-a59485f8edb9-2025-09-13-09-36-10.jpg)
ജിദ്ദ: ദക്ഷിണ സൗദിയിലെ ജിസാന്‍ നഗരത്തിന് സമീപമുള്ള ഫുര്‍സാന്‍ ദ്വീപ് പ്രദേശത്തുണ്ടായ റോഡപകടത്തില്‍ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ ജോര്‍ജ് പനിയടിമൈ (43), അന്തോണി ദശം (49), കടലൂര്‍ സ്വദേശി രമേശന്‍ എരുശപ്പന്‍ (40) എന്നിവരാണ് മരിച്ചത്. ജോര്‍ജും അന്തോണിയും സഹോദരങ്ങളാണ്. സംഭവത്തില്‍ പരിക്കേറ്റ കടലൂര്‍ സ്വദേശി സത്യപ്രവീണ്‍ ശക്തിവേലിനെ അബൂഅരീഷ് കിങ് ഫഹദ് ആശുപത്രിയിലും നാഗപട്ടണം സ്വദേശി മണി വെള്ളിദിശനെ ഫുര്‍സാന്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടിനാണ് അപകടമുണ്ടായത്. ഫുര്‍സാന്‍ ദ്വീപിലെ മത്സ്യത്തൊഴിലാളികളായ ഇവര്‍ സഞ്ചരിച്ചിരുന്ന പിക്അപ്പ് വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട് റോഡിന്റെ ഒരു വശത്തേക്ക് മറിയുകയായിരുന്നു. അല്‍സഗീര്‍ ദ്വീപില്‍ നിന്ന് മത്സ്യബന്ധനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ആറ് മാസം മുന്‍പാണ് ജോര്‍ജും അന്തോണിയും പുതിയ വിസയില്‍ നാട്ടില്‍ നിന്ന് വന്നത്. രമേശന്‍ എത്തിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഫുര്‍സാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജിസാന്‍ ഏരിയയിലെ മലയാളി സാമൂഹ്യ സംഘടനയായ ജല മരണാന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കി രംഗത്തുണ്ട്. ജലയുടെ രക്ഷാധികാരിയും ഫുര്‍സാന്‍ ദ്വീപിലെ ബോട്ട് സര്‍വീസ് ജീവനക്കാരനുമായ എം.കെ. ഓമനക്കുട്ടനും മറ്റ് സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.