/sathyam/media/media_files/2025/07/24/81da9a17-6da8-4318-8b14-aba58ac29bc0-2025-07-24-13-13-48.jpg)
ജിദ്ദ: ആത്മ സംസ്‌കരണം-ജീവകാരുണ്യം-മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ) ജിദ്ദ ഘടകത്തിന്റെ പത്താം വാര്‍ഷിക സംഗമം മര്‍ഹും സുബൈര്‍ മൗലവി നഗറില്‍ വച്ച് വര്‍ണ്ണാഭമായി നടന്നു. വൈസ് പ്രസിഡന്റ് നജീബ് ബീമാപള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമം രക്ഷാധികാരി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
വര്‍ക്കിംഗ് സെക്രട്ടറി ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസാ മാസം നടത്തുന്ന സംഗമങ്ങളും, പഠന യാത്രകളും, ഹജ്ജ് വളണ്ടിയര്‍ സേനവ പ്രവര്‍ത്തനങ്ങളും, കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 22 ലക്ഷത്തോളം രൂപ വിവിധ ചികിത്സാ സഹായങ്ങള്‍ക്കും നിര്‍ധനരായിട്ടുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ സഹായം - ഭവന നിര്‍മ്മാണ സഹായം - വിദ്യാഭ്യാസ ധന സഹായങ്ങള്‍ - കുടി വെള്ള കിണര്‍ പദ്ധതി അടത്തം 48 സഹായങ്ങള്‍ നല്‍കിയതും.
ആറ് പേര്‍ക്ക് നാട്ടില്‍ പോകുന്നതിന് ഫ്ളൈറ്റ് ടിക്കറ്റ് എടുത്തു കൊടുത്തത് അടക്കം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. അജ്‌വ ജിദ്ദയുടെ സ്ഥാപകരില്‍ ഒരാളായിരുന്ന മര്‍ഹും സുബൈര്‍ മൗലവി, സജീവ സാന്നിദ്ധ്യമായിരുന്ന അബ്ദുസ്സലാം ഓച്ചിറ എന്നിവരെ സ്മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു
അജ്‌വ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അസ്സയ്യിദ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് ഉല്‍ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് പറഞ്ഞത് അനുസരിച്ച് പ്രവാചകന്റെ (സ) മേല്‍ സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ച് അവിടന്നു കാണിച്ചു തന്ന മാര്‍ഗ്ഗത്തിലൂടെ മനസ്സിനെ ആത്മീയമായി സംസ്‌കകരിച്ചു കൊണ്ടും, കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും നാം സമൂഹത്തില്‍ ഉത്തമ മനുഷ്യനായി ജീവിക്കണമെന്നും, സംഘടനാ - രാഷ്ട്രീയ സങ്കുചിത ചിന്തകള്‍ കടന്ന് വരാതെ പ്രവാചകനും അവിടത്തെ സച്ചരിതരായ അനുചരന്‍മാരും പിന്‍ഗാമികളും കാണിച്ചു തന്ന മാര്‍ഗ്ഗത്തലൂടെ മുന്നോട്ട് പോകുക എന്നതാണ് ഈ കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ജിദ്ദയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളും, ചികിത്സാ സഹായം, നിര്‍ദ്ധന കുടുംബത്തിലെ അംഗങ്ങളുടെ വിവാഹ ധന സഹായം, കുടി വെള്ള കിണര്‍ പദ്ധതി ഉള്‍പ്പെടെ മാതൃകാപരമായി പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്നും തങ്ങള്‍ സദസ്സിനോട് പറഞ്ഞു. ഇത്തരം മാതൃകാ പരവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണമെന്നും തങ്ങള്‍ സദസ്സിനോട് ആവശ്യപ്പെട്ടു.
പ്രമുഖ പ്രഭാഷകന്‍ നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസം ഒരു ഹിജ്‌റയാണെന്നും, സ്വന്തം കുടുംബത്തെ പോറ്റുന്നതിന് പ്രവാസ ജീവിതം നയിക്കുന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് ആരാധനയുടെ ഭാഗമാണെന്നും സഹജീവികളെ സഹായിക്കുന്നതില്‍ പ്രവാസികളാണ് എന്നും മുന്നില്‍ നില്‍ക്കുന്നതെന്നും, സഹജീവികളെ സഹായിക്കുന്നതും പ്രത്യേകിച്ച് ഭക്ഷണം കൊടുക്കുന്നതും ഇസ്ലാമില്‍ വളരെയധികം പുണ്യമുള്ള കാര്യമാണെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.
ഐ.ഡി.സി. പ്രതിനിധി നാസര്‍ ചാവക്കാട് സദസസ്സില്‍ ആശംസാ പ്രസംഗം നടത്തി. കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ ജിദ്ദയില്‍ അജ്വയുടെ പ്രവര്‍ത്തനങ്ങളെ അടുത്തറിയുകയും തന്നെ ആകര്‍ഷിക്കുകയും ചെയ്ത കൂട്ടായ്മയാണ് ഇതെന്നും അത് ഈ കൂട്ടായ്മയുടെ ജീവകാരുണ്യ, ആത്മ സംസ്‌കരണ രംഗത്തെ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ശറഫുദ്ധീന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. മൂന്നു പതിറ്റാണ്ട് ജിദ്ദയിലെ കലാകായിക മേഖലയിലല്ലാത്ത മുഴുവന്‍ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളോടൊപ്പം വേദികള്‍ പങ്കിട്ടിട്ടുണ്ടെങ്കിലും അജ്‌വയില്‍ പങ്കെടുക്കുമ്പോഴുള്ള ആത്മസംതൃപ്തി പോലെ മറ്റൊന്നിലും ലഭിക്കാറില്ലെന്നും ഇതിന്റെ സ്ഥാപക അദ്ധ്യക്ഷന്‍ അബ്ദുന്നാസിര്‍ മഅ്ദനിയടക്കമുള്ള ഒട്ടുമിക്ക ആളുകള്‍ക്കും കൃത്യമായ രാഷ്ട്രീയവും സംഘടനാ ബന്ധങ്ങളും ഉണ്ടെങ്കിലും അജ്‌വയുടെ പ്ലാറ്റുഫോമില്‍ എത്തുമ്പോള്‍ എല്ലാ വിഭാഗീയതകള്‍ക്കുതീതമായി പ്രവാചക പ്രേമം എന്ന നിലയില്‍ മനസ്സുകള്‍ കോര്‍ത്തിണക്കാന്‍ സംഘാടകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിയുന്നതു കൊണ്ടു മാത്രമാണ് അജ്‌വയെ വേറിട്ടതാക്കുന്നതെന്നും അദ്ദേഹം സദസിനോട് പറഞ്ഞു.
ജിദ്ദ കമ്മിറ്റിക്ക് വേണ്ടി പി.എം.എസ്.എ. ആറ്റക്കോയ തങ്ങളെ എക്‌സിക്യൂട്ടീവ് അംഗം ശിഹാബുദ്ധീന്‍ കുഞ്ഞ് കൊട്ടുകാടും, നവാസ് മന്നാനിയെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലീം റോഡുവിള, അബ്ദുള്‍ ഖാദര്‍ തിരുനാവായ എന്നിവരും, യൂനുസ് സുഹ്രി കൈപമംഗലത്തിനെ റഷീദ് പതിയാശേരിയും, നാസര്‍ ചാവക്കാടിനെ പി.എസ്.എ.എ. ആറ്റക്കോയ തങ്ങളും ഷാള്‍ അണിയിച്ച് ആദരിച്ചു.
അബ്ദുല്‍ ലത്ത്വീഫ് കറ്റാനം, നിസാര്‍ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, ഷിഹാബ് പൂന്തുറ, ശിഹാബ് പൊന്മള എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് ഓച്ചിറ നന്ദിയും പറഞ്ഞു.