ജിദ്ദ: ദക്ഷിണ സൗദിയിലെ ജീസാനിൽ പ്രവാസിയായ മകന്റെ കൂടെ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ മലയാളി വീട്ടമ്മ മരണപ്പെട്ടു. താനൂർ, മുക്കോല, ഓലപ്പീടിക സ്വദേശിനിയും കുഞ്ഞുബാബു - ആമിനു ദമ്പതികളുടെ മകളുമായ ജമീല (55) ആണ് മരണപ്പെട്ടത്.
ഭർത്താവ് അലി നടക്കലിനോടൊത്ത് ആറ് മാസം മുമ്പാണ് സന്ദർശക വിസയിൽ ഇവർ ജീസാനിലെ സാംപ്‌കോ ഇലെക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഹംസത്തുൽ സൈഫുള്ള യുടെ അടുത്തേക്ക് വന്നത്. അതിനിടെ ഹൃദയാഘാതം ഉണ്ടാവുകയും ഗുരുതരാവസ്ഥയിൽ ജീസാൻ അൽഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ചൊവാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
മറ്റു മക്കൾ: സജീന, ജസീന, നസീന, റുബീന. മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംനു, സന.
മരണ വിവരം അറിഞ്ഞതിനെ തുടർന്ന് മക്കൾ ജീസാനിലേക്ക് വരുന്നുണ്ട്. അവരെത്തിയാൽ ഇവിടെ തന്നെ മൃതദേഹം ഖബറക്കം ചെയ്യാനാണ് ഉദ്ദേശ്യമെന്ന് മരണാനന്തര നടപടികൾക്കായി രംഗത്തുള്ള സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
ജീസാനിലെ സാമൂഹ്യ സംഘടനകളായ കെ എം സി സി, ജല എന്നീ സാമൂഹ്യ സംഘടനകൾ ജമീലയുടെ വിയോഗത്തിൽ അനുശോചനവും പ്രാർത്ഥനയും രേഖപ്പെടുത്തി.