യാമ്പു (സൗദി അറേബ്യ): മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം അരങ്ങേറി. യാമ്പു അൽഹിജ്ജി ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.
ഏരിയ രക്ഷാധികാരി അജോ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും ചൂഷണങ്ങൾക്കെതിരെയുള്ള തൻ്റെ സമര ജീവിതത്തിലൂടെയും 'സമരം തന്നെ ജീവിതം' എന്ന തൻ്റെ ആത്മകഥാ നാമത്തെ അന്വർത്ഥമാക്കിയ സമര പോരാളിയായിരുന്നു വി എസ് എന്ന് അദ്ദേഹം പറഞ്ഞു.
വി എസ് അച്യുതാനന്ദന്റെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമാണെന്നും അടിസ്ഥാന ജനവിഭാഗത്തിെൻറ ഏതൊരു പ്രശ്നത്തിലും ഇടപെടുന്ന ഒരു സമര നേതാവായിരുന്നു അദ്ദേഹമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഐതിഹാസികമായ പുന്നപ്ര-വയലാർ സമരം പരുവപ്പെടുത്തിയ വി എസിെൻറ രാഷ്ട്രീയ ജീവിതവും കേരളത്തിെൻറ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി അദ്ദേഹം നടത്തിയ നിരന്തരമായ പോരാട്ടങ്ങളും സദസ്സ് അനുസ്മരിച്ചു.
നവോദയ ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ അനുശോചന പ്രമേയം മീഡിയ കൺവീനർ ബിഹാസ് കരുവാരക്കുണ്ട് അവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിഷർ കരുവാരകുണ്ട് (നവോദയ), ശങ്കർ എളങ്കൂർ ( ഒ ഐ സി സി), അബ്ദുൽ കരീം പുഴക്കാട്ടിരി (കെ എം സി സി), സഫീൽ കടന്നമണ്ണ (പ്രവാസി വെൽഫെയർ), സലിം വേങ്ങര (തനിമ സംസ്‌കാരിക വേദി), അബ്ദുറഹ്മാൻ മയ്യിൽ (ഐ സി എഫ്), അസ്‌കർ വണ്ടൂർ (യാംബു മലയാളി അസോസിയേഷൻ), ഇബ്രാഹിം കുട്ടി പുലത്ത് (യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ) എന്നിവർ സംസാരിച്ചു.
ഗോപി മന്ത്രവാദി, വിപിൻ തോമസ്, എ.പി സാക്കിർ, ഷൗക്കത്ത് മണ്ണാർക്കാട്, സമീർ മൂച്ചിക്കൽ, ബിജു വെളിയാമറ്റം, രാജീവ് തിരുവല്ല , ശാഹുൽ ഹമീദ്, ഫിറോസ് മുണ്ടയിൽ, ഫായിസ്, ഫ്രാൻസിസ്, ബാബു ആന്റണി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി സെക്രട്ടറി സിബിൾ ഡേവിഡ് പാവറട്ടി സ്വാഗതവും ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു.