ജിദ്ദ: റിയാദിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ "ഇന്ത്യൻ ചരിത്ര ശേഖരങ്ങളിലെ അറബിൿ രേഖകൾ" എന്ന പ്രമേയം അധികരിച്ച് സംയുക്ത ഇൻഡോ - സൗദി സിമ്പോസിയം അരങ്ങേറി. നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയും (എൻ എ ഐ) കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്‌സും (ദറ) ചേർന്നായിരുന്നു പരിപാടിയുടെ സംഘാടനം.
2023 സെപ്റ്റംബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഔദ്യോഗിക സന്ദർശന വേളയിൽ ന്യൂഡൽഹിയിൽ ഒപ്പുവച്ച ആർക്കൈവൽ സഹകരണ മേഖലയിലെ രണ്ട് അഭിമാനകരമായ ദേശീയ സ്ഥാപനങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ധാരണാപത്രത്തിന്റെ ഭാഗമായിട്ടായിരുന്നു സിമ്പോസിയം.
ഇന്ത്യയുടെ സൗദിയിലെ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ദറ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് അൽഖുറൈഫ് എന്നിവർ സംയുക്തമായി സിമ്പോസിയത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൻ എ ഐ യുടെ ഭാഗത്ത് നിന്ന് ഡെപ്യുട്ടി ഡയറക്ടർമാരായ എൻ രാജു സിംഗ്, കെ സി ജെന എന്നിവർ സിമ്പോസിയത്തെ അഭിസംബോധനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/07/31/gjfhiuoih-2025-07-31-15-16-01.jpg)
എൻ എ ഐയും ദറയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പ്രാധാന്യം ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ എടുത്തുപറഞ്ഞു. സാഹിത്യകൃതികൾ, അപൂർവ കയ്യെഴുത്തുപ്രതികൾ, മറ്റ് ലിഖിത രേഖകൾ എന്നിവയുടെ രൂപത്തിൽ ഇന്നും നിലനിൽക്കുന്നവ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചുള്ള അവബോധത്തിനും ധാരണയ്ക്കും മഹത്തായ നിമിത്തമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഇന്ത്യൻ ലൈബ്രറികളും സർവകലാശാലകളും അറബി ഭാഷയിലുള്ള നിരവധി അതുല്യ കൃതികളുടെ കലവറകളാണെന്നും അതെല്ലാം അറേബ്യൻ ഉപദ്വീപിന്റെ സമ്പന്നമായ ചരിത്രത്തിലേക്കും ഇന്ത്യയുമായുള്ള അതിന്റെ അടുത്ത സാമൂഹിക-സാംസ്കാരിക ബന്ധങ്ങളിലേക്കും വെളിച്ചം വീശുന്നവയാണെന്നും അംബാസഡർ തുടർന്നു. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ സമീപ വർഷങ്ങളിൽ ഉഭയകക്ഷി സാംസ്കാരിക വിനിമയങ്ങൾ ഗണ്യമായി വർദ്ധിച്ച വസ്തുതയിലേക്ക് അംബാസിഡർ സുഹൈൽ ഖാൻ വിരൽ ചൂണ്ടി.
2025 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗദി സന്ദർശന വേളയിൽ ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്ത കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്നതും ടൂറിസം - സാംസ്കാരിക സഹകരണത്തിനുമായി പുതിയ മന്ത്രിതല സമിതി രൂപവൽക്കരിച്ച കാര്യവും ഇന്ത്യൻ അംബാസഡർ പരാമർശിച്ചു.
ഇന്ത്യയിലെ അറബ് ചരിത്ര രേഖകൾ പഠിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള എൻ എ ഐയുടെയും ദറയുടെയും കൂട്ടായ ശ്രമത്തിൽ അരങ്ങേറിയ സിമ്പോസിയം അറബ് ലോകത്തിനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള സാമൂഹിക - സാംസ്കാരിക കൈമാറ്റങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നതായെന്ന് ദാറ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് അൽഖുറൈഫ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള അറബ് ഉത്ഭവമുള്ള ആർക്കൈവൽ രേഖകൾ അടിസ്ഥാനമാക്കി സൗദി പണ്ഡിതന്മാരോടൊപ്പം എൻ ഐ എയിലെ ഡെപ്യൂട്ടി ഡയറക്ടർമാർ ഉൾക്കാഴ്ചയുള്ള അവതരണങ്ങളാണ് അവതരിപ്പിച്ചത്. തുടർന്ന്, സംവേദനാത്മക ചോദ്യോത്തര സെഷനും അരങ്ങേറി.