വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ച് 'ചില്ല' സെപ്റ്റംബർ വായന

സെപ്റ്റംബർ ലക്കം 'ചില്ല' എന്റെ വായനയിൽ വൈവിധ്യമാർന്ന  വിഷയങ്ങളിലുള്ള നാല് പുസ്തകങ്ങളുടെ അവതരണവും വായനാനുഭവങ്ങളെ ആധാരമാക്കിയുള്ള ചർച്ചയും നടന്നു

New Update
chilla

റിയാദ്: സെപ്റ്റംബർ ലക്കം 'ചില്ല' എന്റെ വായനയിൽ വൈവിധ്യമാർന്ന  വിഷയങ്ങളിലുള്ള നാല് പുസ്തകങ്ങളുടെ അവതരണവും വായനാനുഭവങ്ങളെ ആധാരമാക്കിയുള്ള ചർച്ചയും നടന്നു.

Advertisment

മാർക്സിസത്തിന്റെയും, ഫെമിനിസത്തിന്റെയും പ്രാധാന്യത്തെ ചരിത്രപരമായും, ദർശനപരമായും സമീപിക്കുന്ന ഡോ. ടി. കെ.  ആനന്ദിയുടെ 'മാർക്സിസവും, ഫെമിനിസവും ചരിത്രപരമായ വിശകലനം' എന്ന ലേഖന സമാഹാരത്തിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട്,  വി. കെ. ഷഹീബ 'എന്റെ വായനക്ക്' തുടക്കം കുറിച്ചു.  

ഫെമിനിസത്തെ, മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാന ധാരയിലൂടെ  അവതരിപ്പിക്കുകയും, വിശകലനം ചെയ്യുകയും , വികസിപ്പിക്കുകയും ചെയ്യുന്ന ടി. കെ.  ആനന്ദിയുടെ പുസ്തകം, കേരളത്തെ സാമൂഹിക പരിവർത്തനത്തിന്റെ  സമരഭൂമിയാക്കി മാറ്റിയ മാർക്സിസത്തിനും, നവോത്ഥാന  പ്രസ്ഥാനങ്ങൾ ഉണർവ്വേകിയ സ്ത്രീ വിമോചനമെന്ന ആശയത്തിനുമെതിരെ വിഷലിപ്തമായ വാക്കുകൾ ഉയർന്നു കേൾക്കുന്ന ഈ ഇരുണ്ട കാലത്ത്, ശാസ്ത്രീയ വിചിന്തനങ്ങളുടെ വെട്ടം ഉയർത്തി പ്പിടിക്കുന്നതാണെന്ന് ഷഹീബ പറഞ്ഞു.  

പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റ് അന്ന സിവെല്ലിന്റെ 'ബ്ലാക്ക് ബ്യൂട്ടി' എന്ന നോവലിന്റെ വായനാനുഭവം ഏറെ തന്മയത്വത്തോടെ സ്കൂൾ വിദ്യാർത്ഥിനിയായ സ്നിഗ്ദ വിപിൻ അവതരിപ്പിച്ചു.  ലോകം ഇത്രയൊന്നും ആധുനികമല്ലാതിരുന്ന കാലത്ത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഗാഢ  ബന്ധത്തെക്കുറിച്ച് പറയുന്ന നോവലാണ് 'ബ്ലാക്ക് ബ്യുട്ടി' യെന്ന് സ്നിഗ്ദ സമർത്ഥിച്ചു.

ഏറ്റുമുട്ടൽ കൊലകളുടെ ആശാൻ ആയ ഒരു പോലീസ് ഓഫീസറും അയാൾ കൊന്നു തള്ളിയ നിരപരാധിയായ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്നേഹമെന്ന സമസ്യക്ക് പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തുന്ന അജയ് പി. മങ്ങാടിന്റെ ഏറ്റവും പുതിയ നോവൽ 'ദേഹം' ത്തിന്റെ വായനാനുഭവം, ഷിംന സീനത്ത് പങ്കു  വെച്ചു.  വ്യാജ ഏറ്റുമുട്ടൽ കൊലകൾ ചർച്ചയാവുന്ന കാലത്ത് ഈ നോവലിന്റെ ഉള്ളടക്കത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ഷിംന പറഞ്ഞു.  

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ സംഗീതജ്ഞൻ എം. എസ്.  ബാബുരാജ് എന്ന കോഴിക്കോട്ട്കാരുടെ ബാബുക്കയുടെ ജീവിതരേഖ വരച്ചിട്ട എൻ. പി.  ഹാഫിസ് മുഹമ്മദിന്റെ ' ഹാർമോണിയം' എന്ന നോവലിന്റെ വായനാനുഭവം വിപിൻ പങ്ക് വെച്ചു.  എം. എസ്.  ബാബുരാജിനെ പോലെയുള്ള മഹാരഥന്മാരുടെ സംഭാവനകൾ പുതിയ തലമുറക്ക് പകർന്ന് കൊടുക്കാൻ ഉതകുന്ന രീതിയിൽ കോഴിക്കോട് കേന്ദ്രമായി ഒരു മ്യൂസിയം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും വിപിൻ തന്റെ വായനാനുഭവത്തോടൊപ്പം പങ്ക് വെച്ചു.

തുടർന്ന് അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് നടന്ന വിശദമായ ചർച്ചയിൽ സീബ കൂവോട്, സബീന സാലി, ഫൈസൽ കൊണ്ടോട്ടി ജോണി പൈങ്കുളം, ബീന, ജോമോൻ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.  എം.  ഫൈസൽ ചർച്ച ഉപസംഹരിച്ച് സംസാരിച്ചു.  നാസർ കാരകുന്ന് മോഡറേറ്റർ ആയിരുന്നു.  

Advertisment