/sathyam/media/media_files/lawirLi3Z2ogcaIUs5v4.jpg)
തബൂക്ക് : അഞ്ചു വയസ്സുകാരനായ സൗദി ബാലനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എത്യോപ്യൻ വീട്ടുജോലിക്കാരിക്ക് തബൂക്കിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി ബാലൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഗുദയാൻ അൽബലവിയെ മർദിക്കുകയും വടി ഉപയോഗിച്ച് അടിച്ചും ശ്വാസംകിട്ടാതിരിക്കാൻ ബോക്സിൽ അടച്ചും മുഖംമൂടിയും കൊലപ്പെടുത്തിയ അലീമ ഫികാഡൊ തസീജാക്കയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ഇക്കഴിഞ്ഞ റമദാനിലാണ് ബാലൻ കൊല്ലപ്പെട്ടത്. അഞ്ചു വയസ്സുകാരൻ മുഹമ്മദ് അൽബലവിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബാംഗങ്ങൾ ആർക്കെതിരെയും ആരോപണമോ സംശയമോ ഉന്നയിച്ചിരുന്നില്ല. കാരണം പ്രതിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങളൊന്നും തുടക്കത്തിൽ ലഭ്യമായിരുന്നില്ല. എന്നാൽ ഊർജിതമായ അന്വേഷണത്തിലൂടെ കേസിന് തുമ്പുണ്ടാക്കാനും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും സാധിച്ചു.
സംഭവ ദിവസം ഇഫ്താറിനു തൊട്ടു മുമ്പാണ് വീട്ടിലെ ഇളയ മകനെ കാണാതായതെന്ന് കുടുംബം പൊലീസിൽ മൊഴിനൽകിയത് . പിന്നീട് സ്ത്രീകളുടെ മുറിയിൽ മരപ്പെട്ടിയിൽ മരിച്ചുകിടക്കുന്ന നിലയിൽ ബാലനെ കണ്ടെതുകയായിരുന്നു. മുറിയിൽ രക്തപ്പാടുകളും കണ്ടെത്തി. കുടുംബത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചു വീട്ടിൽ താമസിക്കുന്നവരെ കുറിച്ചും പഠിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തതിൽ നിന്ന് 19 കാരിയായ എത്യോപ്യൻ വീട്ടുജോലിക്കാരിയെ കുറിച്ച് അന്വേഷണോദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. എന്നാൽ തീർത്തും സ്വാഭാവിക രീതിയിലാണ് വീട്ടുജോലിക്കാരി പെരുമാറിയിരുന്നത്.
കൊലപാതകം നടത്തിയ ശേഷം ഉടനെ തന്നെ മുറിയിലെ രക്തം തുണി ഉപയോഗിച്ച് തുടക്കുകയും കഴുകുകയും ചെയ്ത വീട്ടുജോലിക്കാരി ബാലനെ അടിക്കാൻ ഉപയോഗിച്ച വടി ഒളിപ്പിക്കുകയും ചെയ്തു. ഇവയെല്ലാം പിന്നീട് മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ചു. വീട്ടിൽ തിരിച്ചെത്തിയ വീട്ടുജോലിക്കാരി സാധാരണ നിലയിൽ ജോലികളിൽ മുഴുകുകയും ചെയ്തു.
സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലിൽ തുടക്കത്തിൽ വീട്ടുജോലിക്കാരി സംഭവത്തിൽ തനിക്ക് ഒരു യാതൊരു ബന്ധവുമില്ലെന്ന് വാദിച്ചു.
തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തുകയായിരുന്നു. മർദിക്കുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതോടെ ബാലന്റെ ദേഹത്തു നിന്ന് രക്തം ഒലിക്കാൻ തുടങ്ങിയെന്നും ഇതോടെ ബാലനെ എടുത്തുകൊണ്ടുപോയി മുറിയിലെ മരപ്പെട്ടിയിൽ ഒളിപ്പിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ ബാലൻ കരയാനും നിലവിളിക്കാനും തുടങ്ങിയതോടെ ശ്വാസംമുട്ടിക്കുകയും മരപ്പെട്ടിയിൽ അടക്കുകയുമായിരുന്നെന്ന് യുവതി കുറ്റസമ്മതം നടത്തി. ഫോറൻസിക് വിദഗ്ധർ നടത്തിയപരിശോധനയിൽ യുവതി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് വ്യക്തമാവുകയും ചെയ്തു. തുടർന്നാണ് ഇവരെ കുറ്റക്കാരിയെന്ന് വിധിച്ച് വധശിക്ഷ നടപ്പാക്കിയത്.