റിയാദ്: ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിലെ താമസസ്ഥലത്ത് അന്തരിച്ചു. ആലപ്പുഴ കായകുളം നൂറനാട് സ്വദേശി സുജിത് കുറ്റിവിളയിൽ (56) ആണ് മരിച്ചത്.
രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിന് തയാറെടുക്കുമ്പോൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സുജിത് തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി സുഹൃത്തിനെ വിളിച്ചു പറഞ്ഞു. അദ്ദേഹം ഉടൻ തന്നെ താമസസ്ഥലത്ത് എത്തിയെങ്കിലും വാതിൽ പൂട്ടിയ നിലയിലായിരുന്നു.
പ്രതികരണമില്ലാത്തതിനാൽ വാതിൽ തകർത്ത് അകത്തു കടന്നപ്പോഴേക്കും സുജിതിനെ ചലനമറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആംബുലൻസ് വിളിച്ചു ഒബൈദ് ആശുപത്രിയിലെ അടിയന്തര വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസിയായ സുജിത് കുറ്റിവിളയിൽ റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തട്ടകം റിയാദ് നാടക സമിതിയുടെ സ്ഥാപകാംഗവും സജീവ പ്രവർത്തകനും ആയിരുന്നു സുജിത്ത് .