/sathyam/media/media_files/2026/02/07/hussain-madavoor-2026-02-07-18-39-55.jpg)
ജിദ്ദ: 'അറബി ഭാഷയും സാഹിത്യവും: വിനിമയത്തിൽ നിന്ന് വിജ്ഞാന നവീനതയിലേക്കും സാഹിത്യ സർഗ്ഗാത്മകതയിലേക്കും' എന്ന കേന്ദ്രപ്രമേയത്തോടെ എട്ടാമത് രാജ്യാന്തര അറബി ഭാഷാ സാഹിത്യ സമ്മേളനം ശനിയാഴ്ച ജിദ്ദയിൽ ആരംഭിച്ചു.
സൗദി അറേബ്യക്ക് പുറമെ വിവിധ ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള സർവ്വകലാശാലാ പ്രൊഫഫസർമാരും ഗവേഷകരും സംബന്ധിക്കുന്ന സമ്മേളനം ഡിജിറ്റൽ പരിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ അറബി ഭാഷയുടെ പുരോഗതിക്കും വ്യാപനത്തിനും സഹായിക്കുന്ന വിപുലമായ വിഷയങ്ങൾ ചർച്ച ചെയ്യും.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അറബി ഭാഷാ - സാഹിത്യ സമ്മേളനം ജിദ്ദയിലെ കോർണിഷ് ഹോളിഡേ ഇൻ ഹോട്ടൽ കോൺഫ്രൻസ് ഹാളിലാണ് അരങ്ങേറുന്നത്. വിവിധ സെഷനുകളിലായി ഇരുനൂറോളം ഭാഷാ പണ്ഡിതന്മാർ പങ്കെടുക്കും.
ഇന്ത്യയിൽ നിന്ന് പ്രമുഖ അറബി ഭാഷാ പണ്ഡിതനും ഡൽഹിയിലെ ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ ചെയർമാനും ഫാറൂഖ് റൗളത്തുൽ ഉലൂം അറബിക്കോളജ് മുൻ പ്രിൻസിപ്പാളുമായ ഡോ. ഹുസൈൻ മടവൂർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഭാഷാ വ്യാകരണ സെഷനിൽ അദ്ധ്യക്ഷനാണ് ഡോ. ഹുസൈൻ.
മക്കയിലെ വിഖ്യാത ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റി പൂർവ്വവിദ്യാർത്ഥിയായ ഹുസൈൻ മടവൂർ നിലവിൽ മലബാർ എജ്യുസിറ്റിയുടെയും മേപ്പയ്യൂർ സലഫി കോളെജുകളുടെ ചെയർമാനും നിരവധി വിദ്യാഭ്യാസസ്ഥാപനകളുടെ ഭാരവാഹിയുമാണ്.
അറബി ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസം, ഗവേഷണം, അക്കാദമിക രംഗത്തെ അറിവുകളുടെ കൈമാറ്റം തുടങ്ങിയവയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യമെന്ന് സംഘാടകരായ സൗദി അറേബ്യൻ നോളെജ് എൻറിച്ചിംഗ് സെൻ്റർ, മക്കയിലെ അറബിക് ലാംഗ്വേജ് അക്കാദമി എന്നിവയുടെ ഭാരവാഹികൾ വിവരിച്ചു. ഡിജിറ്റൽ പരിവർത്തന കാലഘട്ടത്തിലെ അറബി ഭാഷാ പഠന സാദ്ധ്യതകൾ, അറബി ഭാഷയുടെയും സാഹിത്യത്തിൻ്റെയും ആധുനിക വികാസം, വൈവിധ്യമാർന്ന ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം എന്നിവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ.
നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തി അറബി ഭാഷാ പഠന രംഗത്ത് പുതിയ വാതായനങ്ങൾ തുറക്കുന്നതിന്നും വിജ്ഞാന വ്യാപനത്തിന്നും ഭാഷാ പഠിതാക്കൾക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾ കണ്ടെത്തുന്നതിന്നും ഈ ആഗോള ഭാഷാ പണ്ഡിത സംഗമം വഴിയൊരുമെന്നും സംഘാടകർ പ്രത്യാശിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us