ദമ്മാം: മീഡിയവൺ മാനേജിങ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായ സി ദാവൂദിന് നേരെ പരസ്യമായ് ആക്രമണ ഭീഷണി ഉയർത്തിയിട്ടും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് മൗനം പാലിക്കുന്നതിൽ പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. സി ദാവൂദിന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയത് സി പി എം പ്രവർത്തകർ ആയതിനാലാണോ ക്രമസമാധാന പാലനത്തിലെ ഈ ഇരട്ടത്താപ്പ്? ആക്രമണ ഭീഷണി നടത്തിയവർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കണം - പ്രവാസി വെൽഫെയർ റീജിയണൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ചാനൽ ചർച്ചയിൽ നടന്ന അഭിപ്രായ പ്രകടനങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ ജനാധിപത്യ രീതിയിൽ മറുപടി പറയുന്നതിന് പകരം കൊലവിളി മുദ്രാവാക്യം മുഴക്കുന്നത് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ലജ്ജാകരമായ നിലപാടാണെന്നും പ്രവാസി വെൽഫെയർ പാർട്ടി കമ്മിറ്റി യോഗത്തിൽ സംസാരിച്ചവർ പ്രതികരിച്ചു.
"സംഘ്പരിവാറിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം തങ്ങൾക്കെതിരെ വരുന്ന ജനാതിപത്യ സംവാദങ്ങളെ അക്രമത്തിലൂടെ നേരിടുന്നത് അംഗീകരിക്കാൻ കഴിയില്ല. സാംസ്കാരിക കേരളത്തിന് പരിചിതമല്ലാത്ത ഇത്തരം കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ പ്രതിഷേധിക്കാത്ത സാംസ്കാരിക നായകർ എന്ന് അവകാശപ്പെടുന്നവരുടെയും കപട മതേതര വാദികളുടെയും തനിനിറം കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം": യോഗം അഭിപ്രായപ്പെട്ടു.