ചർച്ചകളിൽ മയക്കി, പൊടുന്നനേ ആക്രമണം; ഇറാൻ വിരുദ്ധ സേന ആവർത്തിച്ചത് "2025 ജൂൺ"

New Update
iran-attack-us-base

ജിദ്ദ: കഴിഞ്ഞ ജൂണിലെ അതേ സാഹചര്യം തന്നെയാണ് ഇന്നുള്ള സംയുക്ത ആക്രമണത്തിലൂടെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ  ആവർത്തിച്ചത്.

Advertisment

കഴിഞ്ഞ വർഷം അമേരിക്കയുമായുള്ള ആറാം റൗണ്ട് ആണവ ചർച്ചകളിലേക്ക് ഇറാൻ പ്രതിനിധി സംഘം പോകുന്നതിന് മുമ്പായിരുന്നു  ഇസ്രയേലിന്റെ  അപ്രതീക്ഷിതമായ ഇറാൻ ആക്രമണം.  

അമേരിക്കൻ - ഇസ്രായേൽ അച്ചുതണ്ടിന്റെ ഇറാനെതിരെയുള്ള 12 ദിവസത്തെ യുദ്ധമായിരുന്നു പിന്നെ. അതിൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ടായിരുന്നു ഇസ്രായേൽ തുടങ്ങിയ യുദ്ധത്തിലെ അമേരിക്കൻ പങ്കാളിത്തം.

ഇന്ന്, വിയന്നയിൽ യു എസ്, ഇറാനിയൻ സാങ്കേതിക സമിതികൾ തമ്മിലുള്ള  ചർച്ച  നടക്കാനിരുന്നതിന്റെ  48 മണിക്കൂർ മുമ്പ്,  ജനീവയിൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ഏറ്റവും പുതിയ റൗണ്ട് ചർച്ചകളുടെ  ഫലമെന്നോണം ഇറാൻ വിഷയം ചർച്ച ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മാർച്ച് 2, 3 തീയതികളിൽ ഇസ്രായേൽ സന്ദർശിക്കാനിരിക്കുന്നതിനും മുമ്പ്, അമേരിക്കയും  ഇസ്രായേലും സംയുക്തമായി  ടെഹ്‌റാനെതിരെ  വ്യാപകമായ  സംയുക്ത സൈനിക നടപടി ആരംഭിച്ചു.

ശനിയാഴ്ച രാവിലെ ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സ്  അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു:  "ഇറാനെതിരെ  ഞങ്ങൾ  മുൻകൂർ ആക്രമണം ആരംഭിച്ചു".

ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വാഷിംഗ്ടണുമായി  മാസങ്ങൾ  നീണ്ട  സഹകരണത്തിലൂടെ   ഇന്നത്തെ  ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നുവെന്നും  അത് തുടങ്ങുന്ന  തീയതി ആഴ്ചകൾക്ക് മുമ്പേ നിശ്ചയിച്ചിരുന്നുവെന്നുമാണ്  റിപ്പോർട്ടുകൾ.

തുടർന്ന്, ഇറാനെതിരെ അമേരിക്കൻ സൈന്യം വലിയ തോതിലുള്ളതും  തുടരുന്നതുമായ   സൈനിക നടപടി ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.   ഇറാനിയൻ മിസൈൽ പദ്ധതിയെയും അതിന്റെ നാവിക സേനയെയും നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്താണ്  അമേരിക്കൻ - ഇസ്രായേൽ  നീക്കം.

ഇറാൻ  ഇനി ഒരു ആണവ ഭീഷണിയേ  ആവില്ലെന്ന്  അമേരിക്ക  ഉറപ്പാകുമെന്നതാണ്  ട്രംപിന്റെ  ലക്ഷ്യം.

ഒമാന്റെ മധ്യസ്ഥതയിൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകൾക്കിടയിൽ, ഇറാനുമായുള്ള ചർച്ചകളുടെ ഗതിയിൽ യുഎസ് പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ഓപ്പറേഷൻ നടന്നത്.

എന്നിരുന്നാലും, ഇറാനെ ആക്രമിക്കുന്നതിനെക്കുറിച്ച് താൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന്  പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ട്രംപ്.   എന്നാൽ, ടെൽ അവീവും വാഷിംഗ്ടണും തമ്മിലുള്ള സംയുക്ത ഏകോപനത്തിനും തയ്യാറെടുപ്പിനും ശേഷമാണ് ഇറാനെതിരായ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം ശനിയാഴ്ച നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ജൂണിൽ നടന്ന വ്യോമയുദ്ധത്തെ തുടർന്നുണ്ടായ ആക്രമണത്തിലൂടെ  തകർന്ന  ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ  ഇറാൻ  പുനരുജ്ജീവിപ്പിച്ചാൽ   വീണ്ടും ആക്രമണം നടത്തുമെന്ന് അമേരിക്കയും ഇസ്രായേലും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനും അമേരിക്കയും മൂന്ന് റൗണ്ട് പരോക്ഷ ആണവ ചർച്ചകൾ നടത്തിയിരുന്നു.  വരുന്ന  തിങ്കളാഴ്ചയും  പിന്നീട് വീണ്ടും  വെള്ളിയാഴ്ചയും  രാജ്യാന്തര  ആണവോർജ്ജ ഏജൻസിയുടെ പങ്കാളിത്തത്തോടെ സാങ്കേതിക സംഘങ്ങൾ  കൂടിക്കാഴ്ച  നടത്തുമെന്ന്  പ്രതീക്ഷിച്ചിരിക്കെയാണ്  അമേരിക്കൻ - ഇസ്രായേൽ സംയുക്ത  ആക്രമണം.

Advertisment