മക്ക: ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന മക്കയിലെ അസീസിയ ഏരിയയിലുണ്ടായ ലിഫ്റ്റ് അപകടത്തിൽ രണ്ട് തീർത്ഥാടകർ മരണപ്പെട്ടു. മുഹമ്മദ് സിദ്ധീഖ് (73), അബുൽ ലത്തീഫ് (70) എന്നിവരാണ് മരിച്ചവർ.
ബീഹാറിൽ നിന്ന് വിശുദ്ധ തീർത്ഥാടനത്തിന് എത്തിയവരാണ് ഇരുവരും. ഇവർ താമസിക്കുന്ന ഇന്ത്യൻ ഹാജിമാരുടെ 145)൦ നമ്പർ കെട്ടിടത്തിലെ ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. നാലാം തട്ടിൽ താമസിക്കുന്ന ഇരുവരും പുറത്തേക്ക് പോകാനായി ലിഫ്റ്റ് ബട്ടൺ അമർത്തി കാത്ത് നിൽക്കുകയായിരുന്നു. അന്നേരം ലിഫ്റ്റിന്റെ വാതിൽ താനേ തുറക്കുകയും ഇരുവരും അതിനകത്തേക്ക് കയറുകയുമായിരുന്നു. എന്നാൽ ലിഫ്റ്റ് അവിടേക്ക് എത്തിയിരുന്നുമില്ല. ഇരുവരും അറിയാതെ ലിഫ്റ്റ് കുഴിയിൽ പതിക്കുകയായിരുന്നു. ഓരോ തട്ടിലും ലിഫ്റ്റ് എത്തിക്കഴിഞ്ഞ ശേഷമാണ് അതാത് തട്ടിലെ ലിഫ്റ്റ് വാതിൽ തുറക്കപ്പെടുക.
സമാനമായ സംഭവം ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉണ്ടായതായും അതിൽ മരിച്ചത് കോഴിക്കോട് സ്വദേശിയായ ഹാജി ആയിരുന്നെന്നും സംഭവ സ്ഥലത്ത് സേവങ്ങളുമായി സജീവമായ കെ എം സി സി പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ "സത്യം ഓൺലൈൻ" റിപ്പോർട്ടറോട് സംസാരിക്കവേ അനുസ്മരിച്ചു.