സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മക്കയിൽ ഇന്ത്യൻ കോൺസൽ ജനറലുമായി സംഭാഷണം നടത്തി; രോഗികളായ തീർത്ഥാടകരെ ആംബുലൻസിൽ അറഫയിലെത്തിക്കാൻ ഏർപ്പാട്

New Update
H

മക്ക: വിശുദ്ധ ഹജ്ജ് കര്മത്തിനെത്തിയ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ സി. മുഹമ്മദ് ഫൈസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും തമ്മിൽ സംഭാഷണം നടത്തി. ഹജ്ജ് ഒരുക്കങ്ങളും ഇന്ത്യയിൽ നിന്നും വിശേഷിച്ചും കേരളത്തിൽ നിന്നും എത്തിയ തീർത്ഥാടകർക്കായി ഏർപ്പെടുത്തിയ സൗകര്യങ്ങളും ഇരുവരും വിശദമായി ചർച്ച ചെയ്തു. മക്കയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

Advertisment

മക്കയിൽ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമുമായി കൂടിക്കാഴ്ച നടത്തി. ഒരുക്കങ്ങൾ വിലയിരുത്തി. തീർഥാടകർക്ക് പരമാവധി മെച്ചപ്പെട്ട സൗകര്യങ്ങൾ ചെയ്തുനൽകുന്നതിൽ ജിദ്ദയിലെ കോൺസുലേറ്റിന് കീഴിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മുഹമ്മദ് ഫൈസി പറഞ്ഞു. മലയാളി തീർഥാടകർ താമസിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ഔദ്യോഗിക വളൻറിയർമാരുമായി സംസാരിച്ച് ഒരുക്കം വിലയിരുത്തുകയും ചെയ്തു. 

ഇന്ത്യൻ തീർഥാടകരുടെ മക്ക, മദീന, മിനാ എന്നിവിടങ്ങളിലെ താമസവുമായും അനുഷ്ഠാനങ്ങൾക്കുള്ള സൗകര്യങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങൾ കോൺസൽ ജനറലിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷൻ മനസ്സിലാക്കുകയും ചർച്ച നടത്തുകയും ചെയ്തു. തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി സർക്കാർ ഏർപ്പെടുത്തിയ നിർബന്ധമായ നുസ്ക് കാർഡ് വിതരണത്തിൽ ഉത്തരവാദിത്തപ്പെട്ട ഏജൻസിയിൽ നിന്നുണ്ടായ കാലതാമസം വ്യാഴാഴ്ച പൂർണമായും പരിഹരിക്കപ്പെടുമെന്നും മലയാളി തീർഥാടകരിൽ നിന്നും ഇനിയും കാർഡ് ലഭിക്കാത്തവരുടെ ലിസ്റ്റ് കോൺസുലേറ്റ് ഓഫിസിന് ലഭിച്ചിട്ടുണ്ടെന്നും കോൺസൽ ജനറൽ സി മുഹമ്മദ് ഫൈസിയെ അറിയിച്ചു.

മക്കയിൽ ഹജ്ജ് വേളയിൽ തീർഥാടകർക്ക് സേവനം ചെയ്യുന്നതിന് സന്നദ്ധ സംഘങ്ങൾക്ക് സൗദി ഹജ്ജ് മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി (തസ്രീഹ്) അനിവാര്യമായിരിക്കെ ഇതിൽ ഇളവുകൾ ലഭിക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. മലയാളി തീർഥാടകരിൽ ഏതാനും പേർക്ക് അസുഖം കാരണം സ്വന്തമായി അറഫയിലേക്ക് പോകാൻ പ്രയാസം അനുഭവിക്കുന്നവരുണ്ട്. ഇവരെ ആംബുലൻസ് വഴി നേരിട്ട് അറഫയിൽ എത്തിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇതിനായി വളൻറിയർമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ടെന്നും സി ജി അറിയിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 18,200 തീർഥാടകരാണ് ഇത്തവണ ഹജ്ജ് കർമത്തിനായി പുറപ്പെട്ടത്. ഇതിൽ 17,920 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 280 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്. 90 ഖാദിമുൽ ഹുജ്ജാജ് (ഹജ്ജ് വളൻറിയർ)മാരാണ് തീർഥാടകരുടെ സേവനത്തിനായി അനുഗമിച്ചത്.

Advertisment