/sathyam/media/media_files/img-20240630-wa0050.jpg)
ജിദ്ദ: ഫിലിം കമ്മീഷൻ അസോസിയേഷൻ ഓഫ് ഫിലിം കമ്മീഷൻസ് ഇൻ്റർനാഷണൽ (എ എഫ് ഐ സി) യിൽ ചേർന്നതായി സൗദി അറേബ്യയിലെ ഫിലിം കമീഷൻ വെളിപ്പെടുത്തി. 1975-ൽ സ്ഥാപിതമായ അസോസിയേഷൻ സിനിമാ രംഗത്ത് ആറ് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിൽ നിന്നുള്ള ഫിലിം ബോർഡുകളുടെ അംഗത്വമുള്ളതും ലാഭേച്ഛയില്ലാത്തതുമായ ഏക രാജ്യാന്തര പ്രഫഷണൽ ഓർഗനൈസേഷനാണ്.
എ എഫ് ഐ സിയിൽ അംഗമായതിലൂടെ ലോക രാജ്യങ്ങളിലെ സിനിമാ അധികൃതർ, സിനിമാ നിർമ്മാണ കമ്പനികൾ, സിനിമാ മേഖലയിലെ പ്രൊഫഷണലുകൾ എന്നിവരുടെ സഹകരണത്തിലൂടെ സിനിമാ രംഗത്തെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്തമായ സിനിമ നിർമാണം സുഗമമാവും. സിനിമാ നിർമ്മാണ മേഖലയിലെ സാമ്പത്തിക വളർച്ച, വിവിധ രാജ്യങ്ങളിൽ നിന്നുള്ള തരാതരം വിഭവങ്ങൾ, പഠന - ഫണ്ടിംഗ് അവസരങ്ങൾ എന്നിവ നൂതനമായ വിധത്തിൽ ലഭിക്കുകയും ചെയ്യും.
അസോസിയേഷനിൽ അംഗമാവുന്നതോടെ സിനിമാ വ്യവസായത്തിൽ രാജ്യം അത്യധികം ലക്ഷ്യമിടുന്ന ലോകമെമ്പാടുമുള്ള സിനിമാ ബോഡികളുമായുള്ള ആശയവിനിമയം നടത്താനും രാജ്യാന്തര തലത്തിലെ മികച്ച സമ്പ്രദായങ്ങൾ, പരിശീലനം, വികസനം എന്നിവയെക്കുറിച്ച് പഠിക്കാനും ഈ മേഖലയിലെ സംഭവവികാസങ്ങളിൽ ജീവസുറ്റ സ്ഥാനത്ത് നിലയുറപ്പിക്കാനും പുതിയ കാൽവെപ്പിലൂടെ സൗദിയ്ക്ക് സാധിക്കും .
രാജ്യത്ത് പുതുതായി വളർന്നു കഴിഞ്ഞ സിനിമാ വ്യവസായത്തെ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനും, സൗദി സിനിമയെ ആഗോള സിനിമാ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനും ദേശീയ നിർമ്മാണ കമ്പനികളെയും പ്രാദേശിക പ്രതിഭകളെയും ശാക്തീകരിക്കുന്നതിനും ലോകമെമ്പാടുമുള്ള അവരുടെ അനുഭവങ്ങളും അറിവുകളും കൈമാറ്റം ചെയ്യുന്നതിനും അസോസിയേഷനിൽ സൗദി ഫിലിം കമ്മീഷൻ അംഗത്വം സഹായിക്കും.
സിനിമാ വ്യവസായത്തിൽ ദേശീയ ശാക്തീകരണം കൈവരിക്കുന്നതിനും ചലച്ചിത്ര വ്യവസായത്തിൻ്റെ ആഗോള കേന്ദ്രമെന്ന നിലയിൽ മാറ്റിയെടുക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയുള്ള സൗദി ഫിലിം കമ്മീഷന്റെ ശ്രമങ്ങളുടെ തുടർച്ചയായാണ് ഫിലിം കമ്മീഷൻ അസോസിയേഷൻ ഓഫ് ഇൻ്റർനാഷണൽ ഫിലിം കമ്മീഷനിലേക്കുള്ള അംഗത്വം.