/sathyam/media/media_files/Mc04Tnxbf3m96JJwX7fX.jpg)
ജിദ്ദ: വിനോദത്തിനും സാംസ്‌കാരിക വിനിമയത്തിനും ഊന്നല്‍ നല്‍കിയുള്ള ജിദ്ദ സീസണില്‍ ഈ മാസം 26ന് ഇന്ത്യാ നൈറ്റിന് വേദിയൊരുങ്ങും. ജിദ്ദയിലെ ഇക്വസ്ട്രിയന്‍ പാര്‍ക്കില്‍ ഇന്ത്യന്‍, സൗദി സംസ്‌കാരം വിനിമയനം അവിസ്മരണീയമാക്കും വിധത്തിലായിരിക്കും ഇന്ത്യ നൈറ്റ് സായാഹ്നം ഒരുക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഏഷ്യന്‍ കമ്മ്യൂണിറ്റി ഇവന്റ് ലൈനപ്പിന്റെ ഭാഗമായി ഇരുപതിനായിരം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ അതിവിശാലമായാണ് വേദി ഒരുക്കുകയെന്ന് അവര്‍ വെളിപ്പെടുത്തി. 35,99 റിയാല്‍ നിരക്കിലുള്ള ടിക്കറ്റുകള്‍ വഴിയായിരിക്കും പ്രവേശനം.
രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ജിദ്ദ സീസണ്‍ തിരിച്ചെത്തുന്നത്. അതിനാല്‍ അതിവിപുലമായ പരിപാടികളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളതെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രൊജക്റ്റ് മാനേജര്‍ നൗഷീന്‍ വസീം പറഞ്ഞു.
പ്രശസ്ത റാപ്പ് ഗായകന്‍ ഡെബ്‌സി, നികിത ഗാന്ധി, സല്‍മാന്‍ അലി, പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ ഗൗഹര്‍ ഖാന്‍, സഞ്ജീത് അറ്റന്‍ഡീസ് തുടങ്ങിയവര്‍ പങ്കെടുക്കുന് സംഗീത പരിപാടിയാണ് ആകര്‍ഷണീയം.
പ്രശസ്ത റെസ്റ്റോറന്റുകളെ പങ്കെടുപ്പിച്ചുള്ള ഫുഡ് ഫെസ്റ്റും ഇതിന്റെ ഭാഗമായുണ്ടാകും. സാംസ്‌കാരിക വിനിമയവും കമ്മ്യൂണിറ്റി ഇടപഴകലും ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് നൗഷീന്‍ വസീം പറഞ്ഞു.