/sathyam/media/media_files/img-20240721-wa0038.jpg)
മക്ക: ലോകമുസ്ലിംകളുടെ അഭിമുഖ കേന്ദ്രവും ഹജ്ജ്, ഉംറ കർമങ്ങളുടെ കേന്ദ്രബിന്ദുവുമായ വിശുദ്ധ കഅബാ മന്ദിരത്തിന്റെ അകം കഴുകൽ ഞായാറാഴ്ച പുലർച്ചയിൽ അരങ്ങേറി.
സൗദി ഭരണാധികാരിയും ഇരു ഹറമുകളുടെ സൂക്ഷിപ്പുകാരനായ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് കൊണ്ട് മക്കാ പ്രവിശ്യാ ഡെപ്യുട്ടി ഗവർണർ സഊദ് ബിൻ മിഷ്അൽ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
മന്ദിരത്തിന്റെ അകം കലർപ്പില്ലാത്ത പനിനീരും സംസം വെള്ളവും ചേർത്തുണ്ടാക്കിയ മിശ്രിതം കൊണ്ടായിരുന്നു കഴുകൽ. മിശ്രിതം നനച്ച തുണിക്കഷണങ്ങൾ ഉപയോഗിച്ച് വിശുദ്ധ കഅബയുടെ അകത്തെ ചുവരുകൾ തുടച്ചെടുത്ത് വൃത്തിയാക്കി. മന്ദിരത്തിൽ പ്രദക്ഷിണ കർമവും ഡെപ്യുട്ടി ഗവർണർ നിർവഹിച്ചിരുന്നു.
ഇത്തവണത്തെ ഇതാദ്യമായി കഅബാ കഴുകലിനോട് അനുബന്ധിച്ച് ഹജ്ജ് സുരക്ഷാ പ്രത്യേക സേനാംഗങ്ങൾ പ്രദക്ഷിണ തടത്തിൽ വിന്യാസം കാഴ്ചവെച്ചു. ഹജ്ജ് സുരക്ഷയ്ക്കായി പ്രത്യേക സേന നടത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു വിന്യാസ പ്രകടനം. വർഷത്തിൽ രണ്ടു പ്രാവശ്യമാണ് ഉപചാരപൂർവമുള്ള അകം കഴുകൽ നടത്താറ്.