ഏഴു വർഷം മുമ്പ് ജോലിതേടി റിയാദിൽ എത്തി; ഒടുവിൽ നാടണയുന്നതിന് സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ എംബസ്സിയെ സമീപിച്ച് കോഴിക്കോട് സ്വദേശി

author-image
സൌദി ഡെസ്ക്
New Update
G

ജിദ്ദ: റിയാദിൽ ഏഴു വർഷം മുമ്പ് ജോലിതേടിയെത്തിയ കോഴിക്കോട് കോളത്തറ സ്വദേശി ബാബു നാടണയുന്നതിന് സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ എംബസ്സിയെ സമീപിച്ചു. തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട് സ്വദേശിയാണ് തന്നെ ചതിയിൽ പെടുത്തിയതെന്ന് ബാബു എംബസ്സിയിൽ നൽകിയ പരാതിയിൽ പറയുന്നു.

Advertisment

2017ലാണ് ബാബു നിർമാണ തൊഴിലാളിയായി റിയാദിൽ എത്തുന്നത്. റിയാദിൽ എത്തിയ ബാബുവിനെ സ്വീകരിക്കാൻ സ്പോൺസറുടെ ആളായി എയർപോർട്ടിൽ എത്തിയത് തമിഴ്നാട് സ്വദേശി രാജുവായിരുന്നു. അടുത്ത ദിവസം സ്പോൺസറെ കാണുകയും പാസ്പോർട്ട് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾക്കകം തന്നെ സ്പോൺസർ ഇക്കാമ നൽകുകയും ജോലികൾ തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഭാഷ അറിയാത്തതിനാൽ രാജുവാണ് സ്പോൺസറുമായുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്.

ആദ്യ ഒരു വർഷം കൃത്യമായി ഇക്കാമയും ശമ്പളവും എല്ലാം നൽകി. ജോലി കണ്ടെത്തുന്നതും ശമ്പളം നൽകുന്നതും രാജുവായിരുന്നു. രണ്ടാം വർഷം ഇക്കാമ അടിച്ചില്ല. എങ്കിലും ജോലിയും ശമ്പളവും ലഭിച്ചതിനാൽ തന്നെ ബാബു ഇക്കാമക്കായുള്ള നിർബന്ധം പിടിച്ചില്ല. ഇക്കാമ അടിക്കുന്നതിനുള്ള പണം സ്പോൺസറെ ഏല്പിച്ചിട്ടുണ്ടെന്നും ഉടനെ ലഭിക്കുമെന്നുമുള്ള രാജുവിന്റെ വാക്കുകൾ വിശ്വസിച്ചു.

രണ്ടര വർഷം കഴിഞ്ഞു നാട്ടിൽ പോകാനൊരുങ്ങിയപ്പോഴാണ് ഇക്കാമ അടിക്കാത്തത് വിനയായത്. ഉടനെ ലഭിക്കുമെന്ന് രാജു ആവർത്തിച്ചു. തൊട്ടു പിറകെ കൊറോണ മഹാമാരി പൊട്ടിപുറപ്പെടുകയും, സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഒന്നര വർഷത്തോളം ജോലി ഇല്ലാതായ ബാബുവിന് നാട്ടിൽ പോകാൻ സ്വരുപിച്ചുവച്ച സമ്പാദ്യമെല്ലാം ഇവിടെ തന്നെ ചെലവഴിക്കേണ്ടി വന്നു.

കൊറോണ മഹമാരിയുടെ ഭീതി പതിയെ വിട്ടകലുകയും വീണ്ടും ജോലി ലഭിച്ചു തുടങ്ങിയെങ്കിലും ഇക്കാമയും കൃത്യമായി ശമ്പളവും ലഭിച്ചിരുന്നില്ല. ഇതിനിടയിൽ മൂത്ത മകളുടെ വിവാഹം ശരിയാകുകയും ബാബു നാട്ടിൽ പോകണമെന്ന് രാജുവിനോട് ആവശ്യപ്പെടുകയും, രാജു കൃത്യമായ മറുപടി നൽകാതായപ്പോൾ വാക്ക്തർക്കമാകുകയും ചെയ്തു.

സ്പോൺസറെ നേരിൽ കാണണമെന്ന് ബാബു ആവശ്യപ്പെട്ടപ്പോഴാണ് ആദ്യ ഇക്കാമ വാങ്ങി പോന്നതിൽ പിന്നെ രാജു സ്പോൺസറുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്. തുടർന്ന് പുറത്തു നിന്നും എക്സിറ്റ് അടിക്കാനുള്ള സൗകര്യം ചെയ്തു തരാമെന്നും അതിനായി ഏജൻസിക്ക് 8000 റിയാലിനടുത്ത് നൽകണമെന്നും രാജു ആവശ്യപ്പെട്ടു.

തനിക്ക് നൽകാനുള്ള ശമ്പള കുടിശ്ശികയിൽ നിന്നും എടുക്കാൻ ബാബു പറഞ്ഞതനുസരിച്ച് എക്സിറ്റ് അടിക്കുന്നതിനുള്ള മാർഗങ്ങൾ നീക്കി. ഇന്ത്യൻ എംബസ്സിയെ സമീപിച്ച് എമർജൻസി പാസ്സ്പോർട്ട് തരപ്പെടുത്തി എക്സിറ്റ് അടിക്കുന്നതിനായി ഏജൻസിക്ക് നൽകി.

തൊട്ടടുത്ത ദിവസം തന്നെ എക്സിറ്റ് അടിച്ച വിവരം അറിയിച്ചു എങ്കിലും ഒരാഴ്ച കഴിഞ്ഞാണ് രാജു ടിക്കറ്റും പാസ്പോർട്ടും നൽകിയത്. രാജുതന്നെ ബാബുവിനെ എയർപോർട്ടിൽ എത്തിക്കുകയും ചെയ്തു.

ലഗേജ് നടപടികൾ പൂർത്തിയാക്കി എമിഗ്രേഷനിൽ കടന്നപ്പോഴാണ് വിരലടയാളം പതിയുന്നില്ലെന്നും യാത്ര ചെയ്യാൻ പറ്റില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നത്.

ഇതിനിടെ സൗദി സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ ബാബു പിടിക്കപ്പെട്ട് റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ രണ്ട് മാസം കഴിയേണ്ടി വന്നു. അവിടെ നിന്നാണ് തന്റെ പേരിൽ ബുറൈദയിൽ കേസുണ്ടെന്ന വിവരം അറിയുന്നത്. റിയാദ് വിട്ട് പുറത്തുപോയിട്ടില്ലാത്ത തനിക്കെതിരെ ബുറൈദയിൽ കേസ് വന്നതിനെ കുറിച്ച് ബാബുവിന് ഒരറിവും ഉണ്ടായിരുന്നില്ല. റിയാദ് നാട് കടത്തൽ കേന്ദ്രത്തിൽ നിന്നും രണ്ട് മാസത്തിനു ശേഷം ബുറൈദയിലേക്ക് മാറ്റിയ ബാബുവിനെ ഒരു മാസത്തിനു ശേഷം അവിടെനിന്നും പുറത്തു വിട്ടു.

ഒരു ബന്ധുവിന്റെ സഹാത്താൽ റിയാദിൽ തിരിച്ചെത്തിയ ബാബു സഹായമഭ്യർത്ഥിച്ച് കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ ജീവകാരുണ്യ കൺവീനർ ജാഫറിനെ സമീപിക്കുകയും, ജാഫർ മുഖേന ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകുകയും ചെയ്തു. എംബസ്സിയിലെ പരാതിക്കൊപ്പം സമാന്തരമായി കേളി നടത്തിയ അന്വേഷണത്തിൽ ബാബുവിന്റെ പേരിലുള്ള കേസ് കണ്ടെത്തി.

രണ്ടുവർഷം മുമ്പ് എക്സിറ്റ് അടിക്കുന്നതിനായി സമീപിച്ച ഏജൻസിയായിരുന്നു കേസ് നൽകിയിട്ടുള്ളത്. എക്സിറ്റ് അടിക്കുന്നതിനായി ചിലവായ 7202 റിയാൽ നൽകാത്തതിന്റെ പേരിൽ വഞ്ചനാ കുറ്റം ചുമത്തി ബുറൈദയിലാണ് കേസ് നൽകിയിട്ടുള്ളത്. രാജു ഏജൻസിക്ക് പണം നൽകാതെ പാസ്പോർട്ട് വാങ്ങി തന്നെ ഏല്പിച്ചതായിരുന്നു എന്ന് ബാബു പറയുന്നു.

ഭാര്യയും മൂന്ന് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബാബു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഒരാൾ നേഴ്സിങിനും മറ്റൊരാൾ ഡിഗ്രിക്കും പഠിക്കുന്നു. നാട്ടിലെത്താനുള്ള നിയമകുരുക്കുകൾ നീങ്ങി എത്രയും പെട്ടെന്ന് നാടണയാനാകുമെന്ന പ്രതിക്ഷയിൽ കഴിയുകയാണ് ബാബു.

കേസ് നൽകിയ ഏജൻസിയുമായി സംസാരിച്ചിട്ടുണ്ടെന്നും പണം നൽകിയാൽ കേസ് പിൻവലിക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും കേളീ ജീവകാരുണ്യ കമ്മറ്റി കൺവീനർ അറിയിച്ചു. കേസ് തീരുന്ന മുറക്ക് മറ്റു നടപടികൾ എംബസ്സി വേഗത്തിലാക്കും.

Advertisment