വയനാട് ദുരന്ത ഭൂമിയിൽ കർമ്മനിരതനായ അസീസ് കല്ലുംപുറം ചുരം ഇറങ്ങി, അഭിമാനത്തോടെ കേളിയും

author-image
സൌദി ഡെസ്ക്
New Update
H

റിയാദ് : വയനാട് ജില്ലയിൽ വലിയ തോതിൽ ഉരുൾ പൊട്ടൽ ഉണ്ടായെന്നും നിരവധി കുടുംബങ്ങൾ അപകടത്തിൽ പെട്ടു എന്നും മാധ്യമങ്ങൾ വഴി അറിഞ്ഞ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി അസീസ് കല്ലുംപുറം മറിച്ചൊന്ന് ചിന്തിക്കാൻ നിന്നില്ല. തന്നെകൊണ്ടാവുന്നതെല്ലാം ചെയ്യണമെന്ന നിശ്ചയദാർഢ്യത്തോടെ ദുരന്ത മുഖത്ത് ഓടിയെത്തി.

Advertisment

ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ മേപ്പാടിയിലെത്തിയ അസീസ് ആദ്യം തിരച്ചിലിന്റെ ഭാഗമാകാനാണ് തീരുമാനിച്ചത്. അതിനായുള്ള അനുമതി അതികൃതരിൽ നിന്നും വാങ്ങി പുറത്തിറങ്ങുമ്പോഴാണ്

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ മൃതദേഹങ്ങൾ വൃത്തിയാക്കുന്നതിന് സഹായം അഭ്യർത്ഥിച്ച് ഒരു ഉദ്യോഗസ്ഥൻ സമീപിച്ചത്. ഉടനെ ആ ദൗത്യം ഏറ്റെടുക്കാൻ അസീസ് തയ്യാറായി.

ആദ്യ ആറു ദിവസത്തോളം വൃത്തിയാക്കി എത്തിക്കുന്ന മൃതദേഹങ്ങളിൽ നിന്നും ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള അടയാളങ്ങൾ പകർത്തി നമ്പറിട്ട് പോസ്റ്റുമോർട്ടത്തിനായി തയ്യാറാക്കിയയക്കുക, ബന്ധുക്കളെ കാണിച്ചു തിരിച്ചറിയുക എന്നീ ഭാരിച്ച ഉത്തരവാദിത്തങ്ങൾ അസീസും സംഘവും ഏറ്റെടുത്തു. തുടർന്ന് അവസാന നാലുദിവസം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയിട്ടുള്ള എല്ലാ മൃതദേഹങ്ങളും, മൃതദേഹ ഭാഗങ്ങളും വൃത്തിയാക്കി നമ്പറിട്ട് പോസ്റ്റുമോർട്ടത്തിനായി എത്തിക്കുന്നത് അസീസ് അടക്കമുള്ള സന്നദ്ധ പ്രവർത്തകരുടേയും ആരോഗ്യ പ്രവർത്തകരുടേ യും നേതൃത്വത്തിലാണ് നടന്നത്.

രാത്രികാലങ്ങളിൽ ഉറങ്ങിയതും ഇതേ മേശപ്പുറത്ത് തന്നെ. രാപ്പകൽഭേദമന്യേ എത്തപ്പെടാവുന്ന ഭൗതിക ശരീരങ്ങളുടെ ശുശ്രൂഷ തങ്ങളുടെ കടമയാണെന്നും അതിൽ അമാന്തം വരാൻ പാടില്ലെന്ന നിലപാടുമാണ് അസീസടക്കമുള്ള സന്നദ്ധ പ്രവർത്തകരെ അവിടെ തന്നെ അന്തിയുറങ്ങാൻ പ്രേരിപ്പിച്ചത്.

G

മേപ്പാടി ഹെൽത്ത് സെന്ററിൽ വന്ന എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് വൃത്തിയാക്കുന്ന ജോലികൾക്ക് നേതൃത്വം നൽകിയത് അസീസ് അടങ്ങുന്ന വളണ്ടിയർമാരാണ്. കണ്ടാൽ പോലും മാറി നിൽക്കാൻ പ്രേരിപ്പിക്കുന്ന, തൊടാൻ പോലും കഴിയാത്തതും, മൂക്ക് പൊത്തി പോകുന്നതുമായ രീതിയിലാണ് അവസാന ദിസങ്ങളിൽ മിക്ക ശരീരങ്ങളും അവയവഭാഗങ്ങളും എത്തിയിട്ടുള്ളതെന്ന് അസീസ് പറയുന്നു. 

മൃതദേഹങ്ങൾ മനുഷ്യന്റേതോ മൃഗങ്ങളുടേതോ എന്നുപോലും മനസ്സിലാക്കാൻ പറ്റാത്ത തരത്തിലുള്ള ശരീര ഭാഗങ്ങളും എത്തുന്നു. പത്താം ദിവസം എത്തിയ നാല് ശരീരഭാഗങ്ങൾ വൃത്തിയാക്കിയതിന് ശേഷമാണ് അതിൽ രണ്ടെണ്ണം മൃഗങ്ങളുടേതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.

ശരീരത്തിലെ പല അടയാളങ്ങൾ, ഫോട്ടോകൾ എന്നിവയെല്ലാം ബന്ധുക്കൾ നൽകിയിട്ടുണ്ട്. പലരുടെയും ശരീര ഭാഗങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളു. പലരേയും ഇത്തരത്തിലുള്ള അടയാളങ്ങളിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്. അതിൽ കൂടുതൽ സഹായകമായത് ഇവിടെത്തെ കഴിഞ്ഞവാർഡ് മെമ്പറും ഇപ്പോഴത്തെ ആശാവർക്കറുമായ ഷൈജയാണ്.

ഓരോ മൃതശരീരം വൃത്തിയാക്കി കഴിയുമ്പോഴും അവർ പേര് സഹിതം പറയും ഇന്നയാളുടെ മകൾ, മകൻ, ഭാര്യ, ഭർത്താവ്, അമ്മ, അച്ഛൻ എന്നിങ്ങനെ, ഏതാണ്ട് 95 ന് മേലെ അടയാളങ്ങൾ താനടങ്ങുന്ന ടീം പുറത്ത് ഉറ്റവരെ കാത്തു നിൽക്കുന്ന സഹോദരങ്ങളോട് പറഞ്ഞിരുന്നു.

അതിൽ മിക്കവരെയും ബന്ധുക്കൾ എത്തും മുൻപേ അവർ തിരിച്ചറിഞ്ഞിട്ടുണ്ടാവും. വലിയിരു ദുഃഖം പേറിയാണ് അവർ കൂടെ പ്രവർത്തിച്ചതെന്ന് വൈകിയാണ് അറിയാൻ കഴിഞ്ഞത്. ഉണ്ടായിരുന്ന വീടും, കുടുംബത്തിലെ 18 പേരും നഷ്ട്ടപെട്ടതിൽ ആറുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്. ഇനിയും 12 പേരെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ലാത്ത അവസ്ഥയിൽ ഒരു സ്ത്രീക്ക് ഇത്ര ധൈര്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞെങ്കിൽ തങ്ങളുടെ പ്രവർത്തനം ഒന്നുമല്ലെന്ന് തോന്നി പോയിട്ടുണ്ട്.

നാട്ടിൽ നിന്നും കുടുംബവും സഹപ്രവർത്തകരും ചോദിക്കുന്നുണ്ട് എന്നാണ് തിരിച്ചു പോരുന്നത് എന്ന്. തിരികെ നാട്ടിലെത്തൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല. പക്ഷെ ഒരുപാട് മുഖങ്ങൾ ഇവിടെ പിടിച്ചു നിർത്തുന്നു. കഴിഞ്ഞ ആഴ്ചവരെ ഈ ചൂരൽ മലയും, മുണ്ടക്കൈ എന്നതും കേട്ട് കേൾവി പോലും ഇല്ലാത്ത എനിക്ക് പക്ഷെ ഇന്ന് ഈ നാടും ഈ നാട്ടിലെ ആളുകളും എന്റെയും കൂടപ്പിറപ്പുകളാണ്. ഓരോ മൃതശരീരങ്ങൾ വരുമ്പോഴും ആദ്യം നോക്കുന്നത് ബന്ധുക്കളിലാരെങ്കിലും തിരിച്ചറിയാൻ പറ്റുന്ന രീതിയിൽ ഉള്ള അടയാളങ്ങൾ വല്ലതും തന്നിട്ടുണ്ടോ എന്നാണ്, അത്തരത്തിൽ അടയാളങ്ങൾ ഉണ്ടെങ്കിൽ ഒരു പക്ഷെ ഒരു കുടുംബത്തിന്റെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ കഴിയുമല്ലോ.

എന്റെ മക്കളോട് 9 ദിവസം കഴിഞ്ഞാണ് ഞാൻ സംസാരിച്ചത്. കാരണം അവർക്ക് അറിയില്ലല്ലോ ഈ ദുരന്തത്തിന്റെ വ്യാപ്തി. ഇവിടുത്തെ മക്കൾ കാത്തിരിപ്പിലാണ് അച്ഛന് വേണ്ടി, അമ്മക്ക് വേണ്ടി ഉറ്റവർക്കുവേണ്ടിയുള്ള കാത്തിരിപ്പ്. അത് വല്ലാത്ത വേദനയാണ് ഉണ്ടാകുന്നത്. അസീസ് പറഞ്ഞു.

2015 മുതൽ 2018 വരെ പ്രവാസി ആയിരുന്ന അസീസ് റിയാദ് കേളികാലാസംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ വാട്ടർ ടാങ്ക് യൂണിറ്റ് ട്രഷറർ ചുമതല വഹിച്ചിരുന്നു. കേളിയുടെ സജീവ പ്രവർത്തകനായ അസീസ് കേളിയുടെ രക്തദാന ക്യാമ്പുകൾക്ക് നേതൃത്വപരമായ ചുമതകൾ വഹിച്ചിരുന്നു. ദുരന്തഭൂമിൽ വളണ്ടിയർ സേവനം നടത്തിയ നാല് കേളിയുടെ മുൻകാല പ്രവർത്തകരിൽ ഒരാളാണ് അസീസ്.

ജീവിത പങ്കാളിയും രണ്ട് കുട്ടികളും ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ പരിപൂർണ്ണ പിന്തുണയാണ് അസീസിനെ ഈ രംഗത്ത് പ്രവർത്തിക്കാൻ ഊർജ്ജം നൽകുന്നത്. ജീവിത പങ്കാളി റസീന നഴ്‌സായി ജോലി ചെയ്യുന്നു.

14 വർഷത്തോളമായി രക്തദാന രംഗത്ത് ഇരുവരും ചേർന്നാണ് പ്രവർത്തിക്കുന്നത്. ഉമ്മയുടെ കണ്ണിനുള്ള അസുഖമാണ് വയനാട്ടിലേക്കുള്ള യാത്രയിൽ നിന്നും റസീനയെ പിന്തിരിപ്പിച്ചത്. മകൻ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞു. മകൾ ഒൻപതാം തരത്തിൽ പഠിക്കുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന അസീസ് ഒരു വണ്ടി നിറയെ സാധാനങ്ങളുമായാണ് മല കയറിയത്.

കാലിയായ വണ്ടിയുമായി ചുരം ഇറങ്ങുമ്പോൾ ഭൂമിയിൽ ജീവിച്ചിരുന്നതിന് ചില അടയാളപ്പെടുത്തലുകൾ അപരനുവേണ്ടി നടത്താൻ കഴിഞ്ഞുവെന്ന ആത്മ സംതൃപ്തിയോടു കൂടെയുള്ളതായി തീർന്നു അസീസിന്റെ മടക്ക യാത്ര

Advertisment