"അധികാരമത്തിന്റെ മറവിൽ വൈവിധ്യങ്ങളെ ഇല്ലാതാക്കി സർവാധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങൾ പൗരന്മാർ സമഭാവനയിലൂടെ ചെറുക്കണം": ഐ സി എഫ്‌ പൗരസഭ

New Update

ദമ്മാം: ഇന്ത്യയുടെ 78-ാ‍ം സ്വാതന്ത്യദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ, 'വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീർഷകത്തിൽ പൗരസഭ സംഘടിപ്പിച്ചു. അൽബാദിയ, സ്റ്റേഡിയം സെക്ടറുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഡോ. മഹ്‌മൂദ്‌ മൂത്തേടം ഉദ്‌ഘാടനം ചെയ്തു. 

Advertisment

സെക്ടർ പ്രസിഡന്റ് മുസ്തഫ മുക്കൂട് പ്രമേയ പ്രഭാഷണം നടത്തി. ഇന്ത്യൻ ജനതയുടെ വൈചാത്യങ്ങളെയും വൈവിധ്യങ്ങളെയും ഉൾക്കൊണ്ടുകൊണ്ടല്ലാതെ ഇന്ത്യ എന്ന ആശയം പൂർണമാകില്ലെന്നും രാജ്യം രൂപപ്പെടുന്നതിന്റെയും മുന്നേറുന്നതിന്റെയും ഓരോ ചുവടിലും എല്ലാ വിഭാഗം മനുഷ്യരുടെയും അർപ്പണവും അധ്വാനവും ഉണ്ടെന്നും പൗരസഭ അഭിപ്രായപ്പെട്ടു.

publive-image

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. അധികാരമറവിൽ സർവാധിപത്യം സ്ഥാപിക്കാനും വൈവിധ്യങ്ങളെ മറന്ന് ഏകതാനതയിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കാനും മുതിരുന്നത് രാജ്യം നേടിയ‌ സ്വാതന്ത്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്‌.

വെറുപ്പുൽപാദനത്തിനും ചരിത്രനിഷേധത്തിനുമെതിരെ പൗരന്മാർ ജാഗ്രത്താകാനും സമഭാവനയിലൂടെ അപരത്വനിർമിതിയെ ചെറുക്കാനും ഇത്തരം ഒത്തുചേരലിന്‌ കഴിയുമെന്നും സംഗമത്തിൽ സംബന്ധിച്ചവർ പറഞ്ഞു.

ദമ്മാം ബേലീഫ് ഓഡിറ്റോറിയത്തിൽ പൗരസഭയിൽ സലീം ഓലപ്പീടിക, ബഷീർഹാജി കോഴിക്കോട്, മുനീർ തോട്ടട, അബ്ദുല്ലാഹ് വിളയിൽ, മുഹമ്മദ് റഫീഖ് ചെർപ്പുളശ്ശേരി പങ്കെടുത്തു. പ്രൊവിൻസ് സെക്രട്ടറി അഹ്മദ് നിസാമി മോഡറേറ്റർ ആയിരുന്നു. സെക്ടർ സെക്രട്ടറി ഫഹദ് പാപ്പിനിശ്ശേരി സ്വാഗതവും നൗഷാദ് മുയ്യം നന്ദിയും പറഞ്ഞു.

Advertisment