/sathyam/media/media_files/2025/02/28/bLyFZGLkSsz2Lz2IH2Jw.jpg)
ദമ്മാം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ റഹീം നാട്ടിലേക്ക്​. വെഞ്ഞാറമൂട്​ കൂട്ടക്കൊലയുടെ പ്രതി അഫാന്റെ പിതാവ്​ പെരുമല സൽമാസ്​ ഹൗസിൽ അബ്​ദുൾ റഹീം വ്യാഴാഴ്​ച 12.15 നാണ്​​ തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക്​ തിരിച്ചത്​. രാവിലെ 7.30 ന്​ നാട്ടിൽഎത്തും.
റിയാദിൽ ഒരു കടനടത്തുകയായിരുന്നു. പലതരം പ്രശ്​നങ്ങൾ ഒന്നിച്ചെത്തിയപ്പോൾ എല്ലാം നഷ്​ടമായി. കടക്കാരിൽ നിന്ന്​ തൽക്കാലത്തേക്ക്​ മാറി നിൽക്കാനാണ്​ റഹീം ദമ്മാമിലേക്ക്​ വണ്ടി കയറിയത്​.
അൽ മുന സ്​കുളിന്​ സമീപത്തുള്ള ഒരു പെട്രോൽ പമ്പിനോട്​ ചേർന്നുള്ള വാഹനങ്ങളുടെ ആക്​സസറീസ്​ വിൽക്കുന്ന ചെറിയ കടയിൽ ജോലിചെയ്​ത്​ ജീവിതം മുന്നോട്ട്​ നീക്കുകയായിരുന്നു. വീടു വിൽക്കണം, കടങ്ങൾ തീർക്കണം സമാധാനമുള്ള ഒരു ജീവിതം വേണം ഇതായിരുന്നു ആഗ്രഹം. - റഹീം വിശദീകരിച്ചു.
അഫാൻ ആദ്യ കുട്ടിയായത്​ കൊണ്ട്​ കൂടുതൽ വാത്സല്യം നൽകിയിരുന്നു. അവനെ ഉൾപടെയാണ്​ സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടു വന്നത്​. 10 മാസത്തോളം റിയാദിൽ ഒപ്പമുണ്ടായിരുന്നു.
കാറ്ററിംഗിനും മറ്റും പോയി അവൻ സ്വന്തമായി പണം സമ്പാദിച്ചിരുന്നു. അത്​ അവന്റെ കാര്യങ്ങൾക്കെടുക്കും. അടുത്ത ദിവസങ്ങളിലൊന്നും അവനെ ഫോണിൽ കിട്ടിയിരുന്നില്ല.
ഇടക്കൊക്കെ കാശിന്​ വേണ്ടി ഭാര്യയുടെ അടുത്ത്​ അഫാൻ വഴക്കിടാറുണ്ട്​. അതേക്കുറിച്ച്​ ചോദിച്ചപ്പോൾ 'ഓ അവന്​ ഭ്രാന്താ' എന്ന ഒഴുക്കൻ മറുപടിയാണ്​ ഭാര്യ പറഞ്ഞത്​.
ഇളയ മകന്റെ മരണമാണ്​ ഏറെ സങ്കടകരം. അവന്റെ ഫോ​ട്ടോ നോക്കിയരിരുന്ന്​ വിതുമ്പുന്ന കാഴ്​ച കാണാൻ കഴിയുന്നതല്ലെന്ന്​ ഇദ്ദേഹത്തെ ഒപ്പം കൂട്ടിയ നാസ്​ വക്കം പറഞ്ഞു.
അവന്​ ഇഷ്​ടമുള്ള മന്തി വാങ്ങികൊടുത്തിട്ടാണ്​ കൊന്നത്​. അവനെ വെറുതേ വിടാമായിരുന്നില്ലേ ? റഹീം വിതുമ്പലോടെ ചോദിച്ചുകൊണ്ടിരുന്നു.
നാട്ടിലെത്തി ഭാര്യയെ കാണണം. അവൾക്കരികിലിരിക്കണം. എന്ത്​ പകരം നൽകിയാണ്​ കുടുംബത്തിന്റെ ഈ നഷ്​ടങ്ങൾക്ക്​ ഞാൻ പകരം നൽകുക. റഹീം ചോദിച്ചുകൊണ്ടേയിരുന്നു. വെള്ളി നാട്ടിലെത്തുന്ന റഹീമിനെ ബന്ധുക്കൾ സ്വീകരിക്കും.
നാട്ടിലെത്തിയതിന്​ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന ഉറപ്പിലാണ്​ യാത്ര. ഇത്ര വേഗത്തിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാം സ്വപ്​നം പോലെ ഒപ്പം നിന്നവർക്ക്​ പ്രാർത്ഥനമാത്രം. റഹീം പറഞ്ഞു.