സൗദിയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ മൃതദേഹം നാട്ടിൽ  ഐ സി എഫ് നേതാക്കൾ ഏറ്റുവാങ്ങി;  സ്വദേശമായ ബന്തടുക്കയിൽ ഖബറടക്കി

author-image
സൌദി ഡെസ്ക്
New Update
hydr

 ജിദ്ദ/കോഴിക്കോട്:  സൗദിയിലെ ബീഷയിൽ വെടിയേറ്റ് മരിച്ച കാസറഗോഡ് സ്വദേശി ഐസിഎഫ് പ്രവർത്തകൻ മുഹമ്മദ്‌ ബഷീറിന്റെ  മൃതദേഹം ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി. വ്യാഴാഴ്‌ച പുലർച്ചെ  മൂന്ന് മണിക്ക് ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ദൽഹി ഹൈദരാബാദ് വഴിയാണ് മൃതദേഹം കോഴിക്കോട് എത്തിയത്. 

Advertisment

രാത്രി 8 മണിക്ക്  കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേർന്ന മൃതദേഹം ഐസിഎഫ്  ഇന്റർ നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണത്തിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി ജേഷ്ഠ സഹോദരൻ ഹസ്സൈനാർ അടക്കമുള്ള ബന്ധുക്കളെ ഏൽപ്പിച്ചു. 

എയർപോർട്ട് മർകസ് മസ്ജിദിൽ ജനാസ നിസ്കാരം നിർവ്വഹിച്ചു. പ്രവാസത്തിലെ പ്രസ്ഥാന ബന്ധുക്കളുമായ സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒട്ടേറെ പേർ ജനാസ നിസ്‌കാരത്തിൽ സംബന്ധിച്ചു. നിസ്‌കാരത്തിന് സൗദി നാഷണൽ പ്രസിഡന്റ് അബ്ദു റഷീദ് സഖാഫി നേതൃത്വം നൽകി.  

ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു ജനാസ എത്തേണ്ടിയിരുന്നത്. മേൽ വിമാനം കാൻസൽ ചെയ്‌തത്‌ കാരണം ഇന്ന് എത്തുന്ന വിഷയത്തിൽ ഉറപ്പ് ലഭിച്ചിരുന്നില്ല. കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ വിഷയത്തിൽ ഇടപെടുകയും ഹൈദരാബാദ് വഴി കോഴക്കോട്ടേക്കുള്ള വിമാനത്തിൽ  എത്തിക്കുകയുമായിരുന്നു, 

വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്ന ജനാസ വെള്ളിയാഴ്ച്ച രാവിലെ ഏഴു മണിക്ക് കാസർഗോഡ് ബന്തടുക്ക ഏണിയാടി ജുമാ മസ്‌ജിദിൽ ഖബറടക്കും.  ഐസിഎഫ് സൗദി ട്വപ്യുട്ടി പ്രസിഡൻറ് മുജീബ് എ ആർ നഗർ, വെസ്റ്റ് ചാപ്റ്റർ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ, ജാഫർ താനൂർ, ഇസ്‌ഹാഖ്‌ കൂട്ടായി, അബൂമിസ്ബാഹ് ഐക്കരപ്പടി, അഷ്‌റഫ് പേങ്ങാട്, അബ്‌ദുറഷീദ് നജ്‌റാൻ, ശംസുദ്ധീൻ നിസാമി, സുഹൈർ, അൻസാർ താനളൂർ തുടങ്ങിയ നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു.

മെയ് 31 ശനിയാഴ്‌ച രാത്രിയാണ് കാസറഗോഡ് സ്വദേശി ഏണിയാടി കുറ്റിക്കോൽ മുഹമ്മദ്‌ ബഷീർ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. ബിഷ നഗിയയിൽ ബഷീർ ഓടിക്കുന്ന വാഹനം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാതൻ വാഹനത്തിൽ എത്തി വെടിവെക്കുകയായിരുന്നു. 

ശബ്‌ദം കേട്ട് സമീപ വാസികൾ എത്തുമ്പോൾ ബഷീർ തൻറെ വാഹനത്തിന് സമീപം വീണു കിടക്കുന്നതാണ് കണ്ടത്. പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴി മദ്ധ്യേ ബഷീർ മരണപ്പെട്ടിരുന്നു. പോലീസ് അന്വേഷണം നടത്തുകയും സഊദ് അബ്ദുല്ല അൽ മുഈനി എന്ന സൗദി പൗരനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ബഷീറിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായിട്ടില്ല.

15 വർഷമായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു . ബിഷ ഐസിഎഫ് യൂണിറ്റ് ക്ഷേമകാര്യ സെക്രട്ടറികൂടിയാണ് മരണപെട്ട ബഷീർ, ബിഷയിലും സ്വദേശത്തും സാന്ത്വന പ്രവർത്തങ്ങളിൽ സജീവമായിരുന്നു. 

പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: പരേതയായ മറിയുമ്മ, ഭാര്യ: നസ്‌റീൻ ബീഗം ഉപ്പള, മക്കൾ: മറിയം ഫിദ (9), മുഹമ്മദ് ബിലാൽ (7), അബ്ദുല്ല ആദിൽ(2), സഹോദരങ്ങൾ: അബൂബക്കർ കുമ്പക്കോട്, അസൈനാർ കുമ്പക്കോട്, കരീം കുമ്പക്കോട്, റസാഖ് കുമ്പക്കോട്, എം സുലൈഖ ബെണ്ടിച്ചാൽ, ബീ ഫാത്തിമ കോളിയടുക്കം, എം ഖദീജ കൊട്ടിയാടി, പരേതയായ സുഹറ ചട്ടച്ചാൽ.

പ്രദേശത്തെ സാമൂഹിക പ്രവർത്തകനും ഐസിഎഫ് പ്രവർത്തകനുമായ അബ്‌ദുൽ അസീസ് കുന്നുംപുറം ഐസിഎഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ക്ഷേമകാര്യ സെക്രട്ടറി ലുഖ്‌മാൻ പാഴൂർ, ഹാരിസ് പടല റിയാദ് ഐസിഎഫ് സെക്രട്ടറി ഇബ്രാഹീം കരീം, മുജീബുറഹ്മാൻ സഖാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമ നടപടികൾ പൂർത്തിയാക്കിയത്.

Advertisment