ജിദ്ദ: അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കും ജോർദാൻ താഴ്‌വരയും കൈയ്യടക്കണമെന്ന ഇസ്രായേലി പാർലമെന്റ് നെസെറ്റിന്റെ ആവശ്യം രാജ്യാന്തര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇസ്രായേൽ നീക്കത്തെ ശക്തമായതാണ് സൗദി അറേബ്യ അപലപിച്ചത്.
ഇസ്രായേൽ അധിനിവേശ അധികൃതരുടെ ഇത്തരം പ്രകോപനപരമായ നടപടികൾ ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇസ്രയേലിന്റെ നശീകരണാത്മകമായ പദ്ധ്വതികളെയാണ് അവരുടെ പുതിയ നീക്കവും വെളിപ്പെടുത്തുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന വിവരിച്ചു.
സഹോദരങ്ങളായ പലസ്തീൻ ജനതയ്ക്കും അവരുടെ അവകാശങ്ങൾക്കും എതിരെ അധിനിവേശ സേനയായ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ലംഘനങ്ങൾ പൂർണമായും നിരാകരിക്കുന്നതായി സൗദി അറേബ്യ ആവർത്തിച്ചു. അതിൽ ഏറ്റവും പ്രധാനം ഫലസ്തീൻ ജനതയ്ക്ക് വേണ്ട സ്വയം നിർണ്ണയാവകാശമാണ്.
1967 ലെ അതിർത്തിക്കുള്ളിൽ, ജറുസലേം തലസ്ഥാനമായി, സ്വതന്ത്ര രാഷ്ട്രത്തിനുള്ളിൽ, അന്തസ്സോടെ ജീവിക്കാനുള്ള അന്തർലീനമായ ഫലസ്തീൻ ജനതയുടെ അവകാശത്തെ യാഥാർഥ്യമാക്കേണ്ടതുണ്ട്. അതുസംബന്ധിച്ച ഐക്യരാഷ്ട്രസഭ പ്രമേയങ്ങൾ നടപ്പിലാക്കാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ ആവശ്യപ്പെട്ടു.