Advertisment

ബഹിരാകാശം, അക്കൗണ്ടിംഗ് രംഗങ്ങളിൽ ഇന്ത്യയുമായുള്ള സഹകരണത്തിന് സൗദി മന്ത്രിസഭ അംഗീകാരം; മദീനാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി - ഓക്സ്ഫോർഡ് സെന്റർ സഹകരണത്തിനും തീരുമാനം

author-image
സൌദി ഡെസ്ക്
New Update
ind saudi

ജിദ്ദ: ഈ ആഴ്ചയിലെ സൗദി മന്ത്രിസഭാ യോഗ തീരുമാനങ്ങളിൽ രണ്ടു രംഗങ്ങളിലെ ഇൻഡോ - സൗദി സഹകരണവും ഉൾപ്പെടുന്നു. സമാധാനപരമായ ആവശ്യങ്ങൾ മുൻനിർത്തി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനവുമായി സൗദി ബഹിരാകാശ ഏജൻസി കൈകോർക്കും.

Advertisment

ഈ രംഗത്തെ ശാസ്ത്ര, ഗവേഷണ കാര്യങ്ങളിൽ സഹകരണത്തിനുള്ള സൗദി - ഇൻഡോ  ധാരണാപത്രത്തിൽ ഒപ്പിടാൻ സൗദി ബഹിരാകാശ ഏജൻസി ചെയർമാൻ കൂടിയായ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയെ മന്ത്രിസഭാ യോഗം നിയോ​ഗിച്ചു.

ഇന്ത്യയുമായി അക്കൗണ്ടിംഗ് ആൻഡ് പ്രൊഫഷണൽ കൺട്രോൾ മേഖലയിമേഖലയിലുള്ള സഹകരണത്തിനും സൗദി മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി സൗദി ജനറൽ ഓഡിറ്റ് ബ്യൂറോയും ഇന്ത്യയുടെ ഓഡിറ്റർ ജനറൽ ഓഫീസും തമ്മിലുണ്ടാകുന്ന ധാരണാപത്രത്തിൽ സൗദി ഭാഗത്തെ പ്രതിനിധീകരിക്കാൻ ജനറൽ കോർട്ട് ഓഫ് അക്കൗണ്ടിംഗ് മേധാവിയെയും ചുമതലപ്പെടുത്തി.   

മന്ത്രിസഭാ തീരുമാനങ്ങളിൽ  ടൂറിസം, വ്യോമ ഗതാഗതം, ശാസ്ത്ര - ഗവേഷണ - അക്കാദമിക് രംഗങ്ങളിലുള്ള തീരുമാനങ്ങളും ഉൾപ്പെടുന്നു.   

ദക്ഷിണാഫ്രിക്ക, ഗാന, കോസ്റ്റാറിക്ക എന്നീ  രാജ്യങ്ങളിലെ ടൂറിസം മന്ത്രാലയങ്ങളുടെ ചേർന്ന്  രാജ്യാന്തര സുസ്ഥിര ടൂറിസം കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രം ഉണ്ടാക്കുന്നതിന് സൗദി ടൂറിസം മന്ത്രാലയത്തെ ചുമതലപ്പെടുത്തിയെന്നതാണ് മറ്റൊരു തീരുമാനം.   

സിവിൽ ഏവിയേഷൻ സിസ്റ്റത്തിൽ ചില ഖണ്ഡികകളിൽ ഭേദഗതി വരുത്താനും സൗദി മന്ത്രിസഭാ തീരുമാനിച്ചു. ഇതുപ്രകാരം, ഏവിയേഷൻ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് എന്നതിന് പകരം നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി സെന്റർ എന്നാക്കി മാറ്റും.                       

മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും ഗ്രേറ്റ് ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസും തമ്മിൽ ശാസ്ത്ര, ഗവേഷണ, അക്കാദമിക്, വൈജ്ഞാനിക മേഖലകളിൽ സഹകരണം ഉണ്ടാക്കാനുള്ളതാണ് മറ്റൊരു തീരുമാനം. ഇക്കാര്യത്തിലുള്ള ധാരണാ പാത്രത്തിൽ ഒപ്പ് വെക്കാൻ മദീനയിലെ ഇസ്ലാമിക് സർവകലാശാലാ മേധാവിയെ സൗദി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.   

 

വടക്കൻ സൗദിയിൽ പണിപൂർത്തിയായി വരുന്ന അത്യാധുനിക നിയോം സിറ്റിയിൽ ചേർന്ന കഴിഞ്ഞ ചൊവാഴ്ചയിലെ വാരാന്ത്യ മന്ത്രിസഭാ യോഗത്തിൽ ഭരണാധികാരി സൽമാൻ രാജാവ് അധ്യക്ഷത വഹിച്ചു.

Advertisment