/sathyam/media/media_files/5A5qzsfRXG5XbfBdKWMA.jpg)
ജിദ്ദ: "തനിമ" വെസ്റ്റേൺ പ്രവിശ്യയുടെ കീഴിലുള്ള ഹജ്ജ് വളണ്ടിയർ സേവനത്തിനു സഹായകമാകുന്ന ആദ്യ മാപ്പ് പുറത്തിറക്കി. ഇന്ത്യൻ ഹാജിമാർ കൂടുതലായി താമസിക്കുന്ന മക്ക അസീസിയ മാപ്പിന്റെ പ്രകാശനം തനിമ സൗദി പ്രസിഡണ്ട് എ. നജ്മുദ്ദീൻ നിർവഹിച്ചു.
ഇന്ത്യൻ ഹാജിമാരുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സൈറ്റ് സർവേ നടത്തിയാണ് അസീസിയ മാപ്പ് തയ്യാറാക്കിയത്. മിനാ മാപ്പും തയാറാക്കി വരികയാണെന്ന് ഹജ്ജ് വളണ്ടിയർ വിംഗ് അറിയിച്ചു. ഹജ്ജ് വളണ്ടിയർ സേവനത്തിനെത്തുന്ന ആർക്കും പ്രയോജനപ്പെടുന്നതാണ് ഈ മാപ്പുകൾ.
പരിശീലനം നേടിയ നാനൂറിലേറെ തനിമ വളണ്ടിയർമരാണ് മിനായിൽ സേവനത്തിനുണ്ടാകുക. പുണ്യ കേന്ദ്രങ്ങളിൽ സേവനത്തിനെത്തുന്ന വളണ്ടിയർമാർക്ക് മാപ്പ് റീഡിംഗിലും പരിശീലനം നൽകും. വളണ്ടിയർമാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് ഹാജിമാർക്ക് നേരിടാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളിലടക്കം പരിശീലനം നൽകുകയെന്ന് ഹജ് വളണ്ടിയർ കോർഡിനേറ്റർ മുനീർ ഇബ്രാഹിം അറിയിച്ചു.
അസീസിയ മാപ്പ് പ്രകാശന ചടങ്ങിൽ തനിമ വെസ്റ്റേൺ പ്രവിശ്യ പ്രസിഡണ്ട് ഫസൽ കൊച്ചി, തനിമ ഹജ്ജ് സെൽ അംഗം സി.എച്ച്.ബശീർ, ഹജ്ജ് വളണ്ടിയർ സർവീസ് ലോജിസ്റ്റിക്സ് കോർഡിനേറ്റർ കുട്ടി മുഹമ്മദ് തുടങ്ങിയവരും സംബന്ധിച്ചു.