/sathyam/media/media_files/2025/09/11/b05670f7-322b-4bcc-a569-5f2b6bb8db2f-2025-09-11-14-34-17.jpg)
ജിദ്ദ: ]ഇറാനും രാജ്യാന്തര ആണവോർജ്ജ ഏജൻസിയും (ഐ എ ഇ എ) തമ്മിലുള്ള സംയുക്ത സഹകരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒപ്പിട്ട കരാറിനെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഈജിപ്ഷ്യൻ ആഭിമുഖ്യത്തിൽ തലസ്ഥാനമായ കൈറോയിൽ ആണ് ഇറാൻ - ആണവോർജ്ജ ഏജൻസി ചർച്ചകൾ പുരോഗമിക്കുന്നത്.
ആണവോർജ ഏജൻസിയുമായുള്ള ഇറാന്റെ സഹകരണം സുപ്രധാനമാണെന്നും ചർച്ചകളിലൂടെ പരസ്പര വിശ്വാസം ശക്തിപ്പെടുത്തുന്നതിനും പ്രതിസന്ധികളുടെ പരിഹാരമായി നയതന്ത്രത്തെ ആശ്രയിക്കുന്നതിനുമാണ് പ്രാമുഖ്യം നൽകേണ്ടതെന്നും സൗദി പ്രസ്താവന ഊന്നി പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ പരിശോധനകൾ ഉൾപ്പെടെ സഹകരണം പുനരാരംഭിക്കുന്നതിനായി സെപ്റ്റംബർ 9 ന് ഒരു പുതിയ കരാറിൽ ഒപ്പുവച്ചു എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ജൂണിൽ പൊട്ടിപ്പുറപ്പെട്ട 12 ദിവസത്തെ സംഘർഷത്തെത്തുടർന്ന് ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇസ്രായേലും തുടർന്ന് അമേരിക്കയും ഇറാനിലെ ചില ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ബോംബാക്രമണത്തെ തുടർന്നായിരുന്നു ഇത്.
എന്നിരുന്നാലും, സ്ഥിതി സങ്കീർണ്ണമായി തന്നെ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പുതിയ കരാർ ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളിലേക്കും പ്രവേശനം നൽകുന്നുണ്ടെന്ന വിഷയത്തിൽ പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകളാണ് ഇരു പാർട്ടികളുടെയും ഭാഗത്തു നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
ഇറാനുമേൽ ഐക്യരാഷ്ട്രസഭ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിനായി ഓഗസ്റ്റ് അവസാനത്തിൽ ആരംഭിച്ച ഒരു പ്രക്രിയയിൽ നിന്ന് യൂറോപ്യൻ ശക്തികൾ (ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം) വിട്ടുനിൽക്കുന്നതിനെ ആശ്രയിച്ചിരിക്കും കരാറിന്റെ തുടർച്ച.
ചർച്ചകളിൽ ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതിനിധീകരിക്കുന്ന ആണവോർജ്ജ ഏജൻസിയെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമാണ് പങ്കെടുക്കുന്നത്. മധ്യസ്ഥന്റെ റോളിൽ ഈജിപ്ത്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദലാറ്റി പ്രതിനിധീകരിച്ചു.