/sathyam/media/media_files/cgisPZ5c846S409nTTZm.jpg)
ജിദ്ദ: ബിസിനസ് സംഭരംഭകർക്കും സാധാരണ തൊഴിലാളികൾക്കും ഒരുപോലെ ആശ്രയവും സഹായവുമായി നിലകൊണ്ടതിന് സൗദിയിലെ ഒരു ചേംബർ ഓഫ് കൊമേഴ്‌സ് മലയാളി സാമൂഹ്യ പ്രവർത്തകനെ ആദരിക്കുന്നു . ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് വെൽഫെയർ അസോസിയേഷൻ (സി സി ഡബ്ല്യു എ) അംഗവും കെ എം സി സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ടുമായ ശംസു പൂക്കോട്ടൂർ ആണ് ദക്ഷിണ സൗദിയിലെ ജിസാന്‍ ചേംബാര്‍ ഓഫ് കൊമേഴ്‌സിന്റെ സ്‌നേഹാദരം ഏറ്റു വാങ്ങുന്നത്.
ജിസാൻ മേഖലയിൽ നിയമപരമായും അല്ലാതെയും വ്യാപാര രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ ചേംബറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ചേംബറിനു കീഴില്‍ ജിസാനില്‍ വരുന്ന പുതിയ ബിസിനസ്സ് സാധ്യതകൾ നിക്ഷേപകരുടെ അറിവിലേക്ക് എത്തിക്കുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് ശംസു പൂക്കോട്ടൂറിന് അംഗീകാരവും ആദരവും നേടിക്കൊടുത്തത്.
2022-2023 കാലയളവില്‍ ചേംബര്‍ അംഗമായിരിക്കെ ചെയ്ത സുതുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചാണു ആദരം. ജിസാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മേധാവി അഹ്മദ് ബിന്‍ മുഹമ്മദ് അബു ഹാദിക്ക് വേണ്ടി ശൈഖ് അലി മഖ്ബൂല്‍ അംഗീകാരപത്രം കൈമാറി.
ബുധനാഴ്ച ഗ്രാന്റ് മില്ലേനിയം ഹോട്ടലില്‍ ജിസാന്‍ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ഇഫ്‌താർ വിരുന്നിൽ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം കൈപ്പറ്റിയതായി ശംസു പൂക്കോട്ടൂർ അറിയിച്ചു. ജിസാൻ അമീര്‍ മുഹമ്മദ് ബിന്‍ നാസിര്‍ ബിന്‍ അബ്ദുല്‍ അസീസ് ഉൾപ്പെടെ ഔദ്യോഗിക തലത്തിലുള്ള നിരവധി ഉന്നതരാണ് ഇഫ്‌താർ വിരുന്നിൽ അതിഥികളായി എത്തുന്നത്.