അനുസ്മരണ യോഗവും കുടുംബ സുരക്ഷ പദ്ധതി ലോഞ്ചിംഗും സംഘടിപ്പിച്ചു

മലപ്പുറം ജില്ല കെ എം സി സി  ജിദ്ദാ ഘടകം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ  അനുസ്മരണവും 2024-25 വർഷ കുടുംബ സുരക്ഷ പദ്ധതിയുടെ ലോഞ്ചിംഗും സംഘടിപ്പിച്ചു

New Update
Jeddah Malappuram Jilla KMCC

ജിദ്ദ:   മലപ്പുറം ജില്ല കെ എം സി സി  ജിദ്ദാ ഘടകം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ  അനുസ്മരണവും 2024-25 വർഷ കുടുംബ സുരക്ഷ പദ്ധതിയുടെ ലോഞ്ചിംഗും സംഘടിപ്പിച്ചു.

Advertisment

പ്രസിഡൻറ് സി എം  ഇസ്മയിൽ മുണ്ടുപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കെ എം സി സി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ് കുട്ടി സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അനുസ്മരണവും സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിം ലീഗ് നിലപാടുകൾ എന്ന വിഷയത്തിലധിഷ്ടിതമായി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. 

ഉലമാ - ഉമറാ ബന്ധത്തെ കൂട്ടിയോജിപ്പിക്കുന്ന കണ്ണികളാണ് പാണക്കാട് സയ്യിദന്മാരെന്നും അവർ എടുത്ത നിലപാടുകൾ നാടിൻ്റെയും സമൂഹത്തിൻ്റെയും സമുദായത്തിൻ്റെയും നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടിയായിരുന്നു എന്നും പാർലമെൻ്ററി മോഹമോ മറ്റു സ്ഥാനങ്ങളോ ആഗ്രഹിക്കാത്ത അത്തരം അധികാരസ്ഥാനങ്ങൾ ഒരിക്കലും കൈയ്യാളാതെ സമൂഹനന്മയ്ക്കായി മുന്നിൽ നിന്ന് നയിച്ച മഹത് വ്യക്തിത്വങ്ങളായിരുന്നു പാണക്കാട് തങ്ങന്മാർ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. 

പ്രഗത്ഭ മോട്ടിവേറ്ററും ട്രെയിനറുമായ ഡോ:ഫർഹ നൗഷാദ് "ഏകാന്തതയുടെ പിരിമുറുക്കവും വർദ്ധിച്ചു വരുന്ന ആത്മഹത്യകളും" എന്ന ശീർഷകത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നൽകി. 
       
"കരുതലിൻ്റെ സാന്ത്വന സ്പർശം" 

മലപ്പുറം ജില്ല കെ എം സി സി കുടുംബ സുരക്ഷ പദ്ധതി 2024-25 യുടെ ലോഞ്ചിംഗ് മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി സൗദി കെ എം സി സി നാഷണൽ കമ്മിറ്റി മുഖ്യരക്ഷാധികാരി കെ പി മുഹമ്മദ് കുട്ടി സാഹിബിന് സുരക്ഷ ഫോം നൽകി കൊണ്ട് നിർവ്വഹിച്ചു.   ജില്ല സുരക്ഷ സ്കീം ചെയർമാൻ അഷ്റഫ് മുല്ലപ്പള്ളി സുരക്ഷയെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു.

സൗദി കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ, സീനിയർ വൈസ് പ്രസിഡൻ്റ് നിസാം മമ്പാട്, സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി,മജീദ് കോട്ടീരി തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.     ജില്ല കെ എം സി സി ചെയർമാൻ കെ കെ എം കൊണ്ടോട്ടി, സീനിയർ വൈസ് പ്രസിഡൻ്റ് സലീം മമ്പാട് അഥിതികൾക്ക് ഉപഹാരം സമ്മാനിച്ചു.
 

ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ജില്ല ഭാരവാഹികൾ, വിവിധ മണ്ഡലം - പഞ്ചായത്ത് ഭാരവാഹികൾ, നിസ്വാർത്ഥരായ കെ എം സി സി യുടെ നൂറുകണക്കിന് മെമ്പർമാർ സംബന്ധിച്ചു കൊണ്ട് സദസ്സ് ധന്യമാക്കി.

ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.

Advertisment